ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച നിര്‍ദേശം ആഗസ്റ്റ് 18ന് ഫലസ്തീനിയന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് അംഗീകരിച്ചു. രണ്ടുമാസത്തെ വെടിനിര്‍ത്തലിന് പകരമായി ഗസയില്‍ തടവിലുള്ള ജീവനുള്ള 20 ജൂതത്തടവുകാരില്‍ പത്തുപേരെ വിട്ടുനല്‍കണമെന്നാണ് ഈ നിര്‍ദേശത്തിന്റെ ആകെത്തുക. കാര്യമായ മാറ്റങ്ങളൊന്നും ആവശ്യപ്പെടാതെ ഹമാസ് മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ദേശം അംഗീകരിച്ചു. എന്നാല്‍, വിഷയത്തില്‍ ഇസ്രായേല്‍ ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല.
ഈജിപ്തിന്റെയും ഖത്തറിന്റേയും നിര്‍ദേശം ഉടനടി അംഗീകരിച്ച ഹമാസിന്റെ നടപടിയെ നിരാശയുടേയോ ബലഹീനതയുടേയോ അടയാളമായി പല നിരീക്ഷകരും വ്യാഖ്യാനിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന വ്യോമാക്രമണങ്ങളും ഉപരോധവും ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടതും ഇറാനും ഹിസ്ബുല്ലയ്ക്കും നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതും മൂലം ഹമാസിന് മുന്നില്‍ കുറച്ച് ഓപ്ഷനുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നാണ് അത്തരം നിരീക്ഷകര്‍ പറയുന്നത്.
എന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ അതിവേഗം അംഗീകരിച്ചത് ഹമാസിന്റെ രാഷ്ട്രീയ തന്ത്രമാണ്. ഗസയുടെ വലിയഭാഗം ഇസ്രായേല്‍ നശിപ്പിച്ചിട്ടും ഹമാസ് പോരാളികള്‍ തുടര്‍ച്ചയായി ശക്തി പ്രകടിപ്പിക്കുന്നത് കാണാം. 2025 തുടക്കം മുതല്‍ ഇസ്രായേലി സൈന്യത്തിനെതിരെ ഗസ മുനമ്പില്‍ വലിയ ആക്രമണങ്ങള്‍ നടക്കുകയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിരവധി ഇസ്രായേലി സൈനികരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. ഗസയിലെ മറ്റു പ്രതിരോധ പ്രസ്ഥാനങ്ങളുമായുള്ള ഹമാസിന്റെ ബന്ധവും വലിയതോതില്‍ ശക്തിപ്പെട്ടു. ഹമാസിന്റെ ഈ പ്രതിരോധശേഷിക്ക് കാരണം യുദ്ധത്തോടുള്ള അതിന്റെ സമീപനത്തിലെ വികാസമാണ്. ഗസ പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പുതിയനീക്കം വലിയൊരു സൈനിക-മാനുഷിക ദുരന്തമായി മാറിയേക്കാം.
ഹമാസിന്റെ ലക്ഷ്യങ്ങളാണ് അതിന്റെ അതിജീവന തന്ത്രത്തിന് കാരണം. തൂഫാനുല്‍ അഖ്‌സ ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശത്തെ മറ്റു കക്ഷികള്‍ തങ്ങളുടെ കൂടെ ചേരുമെന്ന് ഹമാസ് വിലയിരുത്തിയിരുന്നു. ഹിസ്ബുല്ല, യെമനിലെ അന്‍സാറുല്ല, ഇറാഖിലെ പ്രതിരോധ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവര്‍ ഉടന്‍ തന്നെ ഹമാസിനൊപ്പം ചേര്‍ന്നു. 2025 മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചപ്പോള്‍ ഇസ്രായേല്‍ വ്യോമാക്രമണത്തിനാണ് പ്രാധാന്യം നല്‍കിയത്. നഗരപ്രദേശങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടാനുള്ള അവസരങ്ങള്‍ ഇല്ലാതായതിനാല്‍ ഹമാസിന് കാര്യമായൊന്നും ചെയ്യാനായില്ല. ഫലസ്തീനികളെ ഇസ്രായേലി വ്യോമസേന കൂട്ടക്കൊല ചെയ്യുന്നത് തുടര്‍ന്നു.
അതിന് ശേഷമാണ് ഹമാസ് യുദ്ധസമീപനം മാറ്റാന്‍ തുടങ്ങിയത്. തങ്ങള്‍ പിടിച്ചെടുത്തെന്ന് ഇസ്രായേല്‍ അവകാശപ്പെട്ട ബെയ്ത്ത് ഹനൂനിലെ ഒരു ടണലില്‍ ഏപ്രില്‍ 20ന് ഹമാസിന്റെ ചെറുസംഘം പതിയിരുന്നാക്രമണം നടത്തി. പിന്നീട് ആര്‍പിജികളും പാതയോരത്ത് സ്ഥാപിച്ച ബോംബുകളും ഉപയോഗിച്ച് ഇസ്രായേലി സൈനികരെ ആക്രമിച്ചു. ഈ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗസയുടെ വിവിധഭാഗങ്ങളില്‍ സമാനമായ ആക്രമണങ്ങള്‍ നടക്കാന്‍ തുടങ്ങി. ജൂണ്‍ 24ന് ഖാന്‍ യൂനിസില്‍ ഏഴു ഇസ്രായേലി സൈനികരെ ഒരു ആക്രമണത്തില്‍ കൊലപ്പെടുത്തി. ജൂലൈ ഏഴിന് ബെയ്ത്ത് ഹനൂനില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അഞ്ചു പേരെ കൊലപ്പെടുത്തി. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂലൈ പതിനഞ്ചിന് ജബാലിയയില്‍ മൂന്നു സൈനികരെ പതിയിരുന്നാക്രമണത്തില്‍ കൊലപ്പെടുത്തി. ജൂലൈ 22ന് ദെയ്ര്‍ അല്‍ ബലാഹില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കും മറ്റു സൈനികവാഹനങ്ങളും തകര്‍ത്തു.
സമീപ ആഴ്ചകളില്‍, ഇത്തരം ആക്രമണങ്ങള്‍ കൂടുതല്‍ ധീരമായി. ആഗസ്റ്റ് പകുതിയോടെ, ഇസ്രായേല്‍ സൈന്യം ജനവാസ മേഖലകളിലേക്ക് വീണ്ടും കടന്നുകയറ്റം ആരംഭിച്ചപ്പോള്‍, കിഴക്കന്‍ ഗസയില്‍, പ്രത്യേകിച്ച് തുഫ, സയ്തൂണ്‍, ഷുജൈയ്യ എന്നീ പ്രദേശങ്ങളില്‍ ഹമാസിന്റെ ആക്രമണങ്ങള്‍ പെരുകി. അല്‍ ഖസ്സാം ബ്രിഗേഡുകള്‍ തെക്കന്‍ പ്രദേശത്തും സജീവമായിരുന്നു. ആഗസ്റ്റ് 20ന് ഖാന്‍ യൂനിസിലെ ഒരു ഇസ്രായേലി സൈനിക ക്യാമ്പില്‍ നടന്ന അസാധാരണമായ ആക്രമണം ഇത് സാക്ഷ്യപ്പെടുത്തുന്നു: കുറഞ്ഞത് 18 പോരാളികള്‍ ആര്‍പിജികളും മെഷീന്‍ ഗണ്ണുകളും ഉപയോഗിച്ച് തൊട്ടടുത്തുനിന്ന് ക്യംാപിനെ ആക്രമിച്ചു. ഇത്രയും വലിയ ഓപ്പറേഷനു കാര്യമായ തയ്യാറെടുപ്പ്, ഏകോപനം, ഇന്റലിജന്‍സ് എന്നിവ ആവശ്യമായിരുന്നു. ഇസ്രായേലി സൈനികരെ കസ്റ്റഡിയില്‍ എടുക്കാന്‍ അല്‍ ഖസ്സം ബ്രിഗേഡ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ഇസ്രായേല്‍ വിലയിരുത്തുന്നത്.
വാസ്തവത്തില്‍, ഇസ്രായേലിന്റെ വിപുലീകരിച്ച യുദ്ധ ലക്ഷ്യങ്ങളെ സ്വന്തം നേട്ടമാക്കി മാറ്റാന്‍ ഹമാസ് തീരുമാനിച്ചതിന്റെ തെളിവുകളാണ് ഈ ആക്രമണങ്ങള്‍. ഇസ്രായേലിന് അതിശക്തമായ സൈനിക സംവിധാനമുണ്ടെങ്കിലും അസമമായ യുദ്ധത്തിന്റെ സാധ്യതകളും പോരാളികളുടെ ദൃഡനിശ്ചയവുമാണ് ഹമാസിന് നയിക്കുന്നത്. ആക്രമണങ്ങള്‍ താങ്ങാനാവാതെ ഇസ്രായേലി സൈനികര്‍ കര വഴിയുള്ള ആക്രമണങ്ങള്‍ പരിമിതപ്പെടുത്തിയപ്പോള്‍ ഹമാസ് പോരാളികള്‍ ബഫര്‍സോണുകളിലെ ഇസ്രായേലി ക്യാംപുകളെ ആക്രമിക്കാന്‍ തുടങ്ങി. തങ്ങള്‍ മുമ്പ് കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളില്‍ ഹമാസ് വീണ്ടും പോരാളികളെ വിന്യസിച്ചെന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ഗസ സിറ്റി പിടിച്ചെടുക്കുമെന്നാണ് ഇസ്രായേല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹമാസിന് മനപാഠമായ ഭൂപ്രദേശത്ത് ചെല്ലുന്ന ഇസ്രായേലി സൈന്യം ഗറില്ലാ പോരാളികളെയായിരിക്കും നേരിടേണ്ടത്. ഗസ സിറ്റിയിലെ തകര്‍ന്ന കെട്ടിടങ്ങളില്‍ക്കിടയില്‍ ഗറില്ലായുദ്ധം തികച്ചും ഫലപ്രദമായിരിക്കും. കൂടാതെ ഗസ സിറ്റിയില്‍ ഹമാസിന് ശക്തമായ സംഘടനാ സംവിധാനമുണ്ട്. അതിനാല്‍ തന്നെ ഇസ്രായേലി സൈന്യം നേരത്തെ പ്രദേശത്ത് കരവഴി കാര്യമായ ആക്രമണങ്ങള്‍ നടത്തിയിരുന്നില്ല.
പുറമേ നിന്നുള്ള സഹായങ്ങള്‍ ഇല്ലാതായിട്ടും ഗസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടും ഹമാസ് പോരാളികള്‍ അല്‍ഭുദകരമായ ശക്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഫലസ്തീനികള്‍ക്കിടയിലുള്ള സ്വാധീനം മൂലം കൊല്ലപ്പെടുന്ന പോരാളികള്‍ക്ക് പകരം പോരാളികളെ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ യഹ്‌യാ സിന്‍വാര്‍, മുഹമ്മദ് ദെയ്ഫ്, മര്‍വാന്‍ ഇസ്സ തുടങ്ങിയവര്‍ കൊല്ലപ്പെട്ടിട്ടും അവരുടെ പോരാട്ട ശേഷിയില്‍ കുറവുണ്ടായിട്ടില്ല.
ഹമാസിന് മൊത്തത്തില്‍ എത്ര പോരാളികളുണ്ടെന്ന് വ്യക്തമല്ല. 2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 17,000 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടെന്ന് 2024ല്‍ ഇസ്രായേലി വൃത്തങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍, 2025 മെയ് വരെ ഹമാസില്‍ നിന്നും ഇസ്‌ലാമിക് ജിഹാദില്‍ നിന്നുമുള്ള 8,900 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയത്. ഇസ്രായേല്‍ ഗസയില്‍ അധിനിവേശം നടത്തുന്നതിനാല്‍ ഗസയില്‍ കൊല്ലപ്പെടുന്നവരില്‍ എത്രപേര്‍ സാധാരണക്കാര്‍, എത്ര പേര്‍ പോരാളികള്‍ എന്ന് യുഎന്നും ഗസ സര്‍ക്കാരും വേര്‍തിരിക്കുന്നില്ല. ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയ മൊത്തം ആളുകളില്‍ 80 ശതമാനത്തില്‍ അധികം സാധാരണക്കാരാണെന്ന് ഇസ്രായേലി കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താം.
ഇസ്രായേലിന്റെ നിരന്തരമായ ആക്രമണം ഹമാസിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുണ്ടാകാം. ഹമാസിനെതിരെ ഫലസ്തീനികളെ സംഘടിപ്പിക്കാന്‍ വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ അതോറിറ്റി നടത്തുന്ന ഫതഹ് പാര്‍ട്ടിയും ഗസയിലെ ക്രിമിനലുകളെ സംഘടിപ്പിക്കാന്‍ ഇസ്രായേലി സര്‍ക്കാരും ശ്രമിച്ചു. അബു ശബാബ് സംഘത്തെ ഇസ്രായേലാണ് ആയുധമണിയിച്ചത്. ഇസ്രായേലിന്റെയും ഫലസ്തീന്‍ അതോറിറ്റിയുടെയും ഭിന്നിപ്പിച്ച് കീഴടക്കല്‍ സമീപനവും സിവിലിയന്മാര്‍ക്കെതിരായ നിരന്തരമായ ആക്രമണങ്ങളും ഗസ നിവാസികള്‍ക്കിടയില്‍ ചെറുത്തുനില്‍പ്പ് ശക്തമാക്കിയിട്ടുണ്ട്.
തെക്കന്‍ ഗസയില്‍, അബു ശബാബ് മിലിഷ്യയെ ഫലസ്തീനികള്‍ അധിക്ഷേപിക്കുന്നു. സംഘത്തിന്റെ നേതാവായ യാസറിനെ സ്വന്തം ഗോത്രം തന്നെ പുറത്താക്കി, അയാളെ കൊല്ലാന്‍ ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് ഗോത്രം അനുമതിയും നല്‍കി. മുമ്പ് സായുധ പരിശീലനം ലഭിക്കാത്ത യുവാക്കള്‍ ഇപ്പോള്‍ അല്‍ ഖസ്സം ബ്രിഗേഡിലാണ് ചേരുന്നത്. അവരാണ് ഗറില്ലാ ആക്രമണത്തില്‍ പങ്കെടുക്കുന്നത്. ഗസയിലെ തുടര്‍ച്ചയായ വ്യോമാക്രമണം വിവിധ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ തമ്മിലുള്ള ഏകോപനം കുറച്ചിട്ടുണ്ടെങ്കിലും എല്ലാവരും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തുടങ്ങി, അത് അവരുടെ പ്രവര്‍ത്തന ശേഷിയെ കുഴിച്ചുമൂടിയിട്ടില്ല.
ഹമാസിന്റെ ശക്തി നിലനിര്‍ത്തുന്നതിലെ മറ്റൊരു നിര്‍ണായക ഘടകം അതിന്റെ തുരങ്ക ശൃംഖലയാണ്. മാസങ്ങള്‍ നീണ്ട തീവ്രമായ ബോംബാക്രമണങ്ങള്‍ക്കും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിനും ശേഷവും, ഇസ്രായേല്‍ സൈന്യത്തിന് ഈ ഭൂഗര്‍ഭ നഗരത്തിന്റെ ഗണ്യമായ ഭാഗങ്ങള്‍ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇത് ഹമാസിന് ഗസയിലെ ശേഷിക്കുന്ന തടവുകാരെ ഒളിപ്പിക്കാനും പോരാളികളെ സംരക്ഷിക്കാനും ഇസ്രായേല്‍ സൈന്യത്തെ നിരീക്ഷിക്കാനും ആക്രമിക്കാനും അവസരം നല്‍കുന്നു. ഭൂഗര്‍ഭം നിയന്ത്രിക്കാനുള്ള ഇസ്രായേലിന്റെ കഴിവില്ലായ്മ സംഘര്‍ഷത്തിന്റെ അസമമായ സ്വഭാവത്തെ എടുത്തുകാണിക്കുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ സങ്കീര്‍ണ്ണവും വളരെ വിലയേറിയതുമായ ആയുധ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുന്നു. എന്നാല്‍, ഫലസ്തീനികള്‍ വളരെ ചെലവുകുറഞ്ഞ, തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നു.
കൂടുതല്‍ സൈനികരെ ഹമാസ് കസ്റ്റഡിയില്‍ എടുക്കുമോയെന്ന ആശങ്ക നിലവില്‍ ഇസ്രായേലി സൈനികനേതൃത്വത്തിനുണ്ട്. അതിനാല്‍ ജൂലൈയില്‍ ഇസ്രായേലി സൈന്യം ഹനിബാള്‍ തത്വം നടപ്പാക്കി. സൈനികരെ ശത്രുക്കള്‍ പിടികൂടുന്നത് തടയാന്‍ ആവശ്യമായ എല്ലാ മാര്‍ഗങ്ങളും സൈന്യം ഉപയോഗിക്കണമെന്ന് ഈ തത്വം ആവശ്യപ്പെടുന്നു, ആ ബലപ്രയോഗം സൈനികരുടെ മരണത്തിന് കാരണമായാലും അത് ചെയ്‌തേ മതിയാവു.
അധിനിവേശം ആരംഭിച്ചതിനുശേഷം 197 തടവുകാരെ ഹമാസ് മോചിപ്പിച്ചു. ആകെ എട്ടുപേരെ മാത്രമാണ് യുഎസ്-ഇസ്രായേലി സൈന്യത്തിന് നേരിട്ട് മോചിപ്പിക്കാനായുള്ളൂ. അതില്‍ ആറുപേരെയും തുരങ്കത്തിലായിരുന്നില്ല പാര്‍പ്പിച്ചിരുന്നത്. ജൂണ്‍ എട്ടിന് നാലു തടവുകാരെ മോചിപ്പിക്കാന്‍ നുസൈറത്ത് ക്യാംപില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 60 കുട്ടികള്‍ അടക്കം 274 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഹമാസിന്റെ തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ കഴിയാത്തതില്‍ നിരാശരായ ഇസ്രായേലി സൈന്യം ഭൂമിക്ക് മുകളിലുള്ള എല്ലാം നശിപ്പിക്കാന്‍ തീരുമാനിച്ചു. ജനങ്ങളെ ഹമാസിനെതിരെ തിരിക്കുകയും കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബര്‍ മുതല്‍ തന്നെ ഇസ്രായേല്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ലക്ഷ്യമിടാന്‍ തുടങ്ങി. ആ ലക്ഷ്യം പരാജയപ്പെട്ടെങ്കിലും, മാര്‍ച്ചില്‍ അധിനവേശം പുനരാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സര്‍ക്കാര്‍ അത്തരം ആക്രമണങ്ങള്‍ ഇരട്ടിയാക്കി. ഗസയിലേക്കുള്ള സഹായങ്ങള്‍ 11 ആഴ്ച തടഞ്ഞ ഇസ്രായേല്‍ മെയ് മുതല്‍ ഗസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ സഹായവിതരണം ഏറ്റെടുത്തു. ഭക്ഷണം തേടിയെത്തുന്നവരെ കൊലപ്പെടുത്തുന്ന പദ്ധതി അതിന് ശേഷമാണ് ഇസ്രായേല്‍ ആരംഭിച്ചത്.
ഫലസ്തീന്‍ വിമോചന പദ്ധതിയുടെ ത്യാഗപരമായ മാനം ഹമാസ് എപ്പോഴും ഉയര്‍ത്തിപിടിച്ചിട്ടുണ്ട്, അത് ഗസയെ ഫലസ്തീന്‍ ലക്ഷ്യത്തിന്റെ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുപോവാന്‍ സഹായിച്ചു. ഗസ തങ്ങളുടെ അഭയകേന്ദ്രമാണെന്നാണ് ഫലസ്തീനികള്‍ വിശ്വസിക്കുന്നത്. 1948ല്‍ സയണിസ്റ്റുകള്‍ ഫലസ്തീനില്‍ ഇസ്രായേല്‍ സ്ഥാപിച്ചപ്പോള്‍ അഭയാര്‍ത്ഥികളായ രണ്ടരലക്ഷം ഫലസ്തീനികളുടെ പിന്‍ഗാമികളാണ് നിലവില്‍ ഗസയില്‍ ജീവിക്കുന്നത്. അവരുടെ മുന്‍ഗാമികള്‍ പറഞ്ഞുകൊടുത്ത കൂട്ടക്കൊലകളുടെയും കുടിയിറക്കങ്ങളുടെയും കഥകള്‍ പുതിയ തലമുറക്ക് അറിയാം. ആ പാരമ്പര്യത്തിന്റെ ഭാഗമായാണ് ഹമാസ് നിലവിലെ പോരാട്ടത്തെ കാണുന്നത്.
ഗസയിലെ ഫലസ്തീനികളുടെ കൂട്ടക്കൊലയേയും വംശഹത്യയേയും അള്‍ജീരിയയോടാണ് ഹമാസിന്റെ നേതാവായ ഖാലിദ് മിശ്അല്‍ ഉപമിച്ചത്. പത്തുലക്ഷത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ട പോരാട്ടത്തിനൊടുവിലാണ് അള്‍ജീരിയന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.
ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ഹമാസ്, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി. ഖാന്‍ യൂനിസില്‍ അടുത്തിടെ നടന്ന നിരവധി സംയുക്ത ആക്രമണങ്ങള്‍ ഉള്‍പ്പെടെ, ഗ്രൂപ്പുകളുടെ സായുധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനവും വളര്‍ന്നു. 2006ല്‍ ഹമാസും ഇസ്‌ലാമിക് ജിഹാദും ചേര്‍ന്ന് സൃഷ്ടിച്ച ജോയിന്റ് ഓപ്പറേഷന്‍സ് റൂമാണ് ഈ ആക്രമണങ്ങള്‍ക്ക് ഭാഗികമായി നേതൃത്വം നല്‍കിയത്. ഗസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ 2018ല്‍ ഗസക്കാര്‍ നടത്തിയ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണില്‍ ഇത് ഔദ്യോഗികമായി ഉയര്‍ന്നുവന്നു. ഇന്ന് ജോയിന്റ് ഓപ്പറേഷന്‍സ് റൂമില്‍ സരായ അല്‍ ഖുദ്സ്, അല്‍ അഖ്സ രക്തസാക്ഷി ബ്രിഗേഡുകള്‍, അബു അലി മുസ്തഫ ബ്രിഗേഡുകള്‍, മുജാഹിദീന്‍ ബ്രിഗേഡുകള്‍, ഉമര്‍ അല്‍ ഖാസിം ബ്രിഗേഡുകള്‍ എന്നിവയുള്‍പ്പെടെ 12 ഗ്രൂപ്പുകളുണ്ട്. യുദ്ധത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്ന കേന്ദ്രമായി ഇത് മാറിയിരിക്കുന്നു. കീഴടങ്ങല്‍ അചിന്തനീയമാണെന്ന് അവര്‍ക്കിടയില്‍ സമവായമുണ്ട്.
ഇസ്രായേലി സൈനികര്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ മാത്രമേ നെതന്യാഹുവിനെ മറ്റൊരു വെടിനിര്‍ത്തലിന് സമ്മതിക്കാനും ഉപരോധം അവസാനിപ്പിക്കാനും നിര്‍ബന്ധിതരാക്കൂവെന്നാണ് അവരുടെ നിലപാട്. 2024 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റഫയിലും ജബാലിയയിലും ഇസ്രായേലിന് ഉണ്ടായ കാര്യമായ തിരിച്ചടികള്‍, 2025 ജനുവരിയില്‍ നിരവധി സൈനികരുടെ മരണത്തിന് കാരണമായത് എന്നിവയാണ് അന്ന് യുഎസ് സഹായത്തോടെയുള്ള വെടിനിര്‍ത്തലിന് നെതന്യാഹുവിനെ പ്രേരിപ്പിച്ചത്. ഗറില്ലാ ആക്രമണം ശക്തമാക്കുന്നത് നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് ഫലസ്തീനികള്‍ വിലയിരുത്തുന്നു. ജൂലൈ 7ന് ബെയ്ത്ത് ഹനൂനില്‍ അഞ്ച് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടത് അത്തരമൊരു സംഭവമായിരുന്നു, സൈനികരെ തിരികെ കൊണ്ടുവരണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ഇസ്രായേലി രാഷ്ട്രീയക്കാര്‍ ആവശ്യപ്പെടാന്‍ ഈ ആക്രമണം കാരണമായി.
ഇസ്രായേലിന് അസാധാരണമായ സൈനിക വിഭവങ്ങളുണ്ടെങ്കിലും ഗസ നഗരം പിടിക്കാന്‍ വേണ്ട പതിനായിരക്കണക്കിന് അധിക സൈനികരെ കണ്ടെത്താന്‍ പാടുപെടുന്നു. എന്നാല്‍, ഹമാസ് പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യുന്നത് തുടരുന്നു. ഹമാസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമ്പോള്‍, ഇസ്രായേലിന് കൂടുതല്‍ സൈനികരെ നഷ്ടപ്പെടുന്നു. റിസര്‍വ് സൈനികരെ ഡ്യൂട്ടിക്ക് ഹാജരാക്കുന്നതില്‍ അവര്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
ആഗസ്റ്റ് 18ലെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പുതിയതല്ല. ഗസയില്‍ നിന്നും ഇസ്രായേലി സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവച്ച മുന്‍ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അത്. ആഗസ്റ്റ് 18ന് പുതിയ നിര്‍ദ്ദേശത്തോട് പ്രതികരിക്കുന്നതിന് മുമ്പുതന്നെ ഹമാസ് ഈ നിര്‍ദ്ദേശത്തിന്റെ മുന്‍ പതിപ്പുകള്‍ അംഗീകരിച്ചിരുന്നു.
ഇസ്രായേലി സൈന്യത്തിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ, നെതന്യാഹു ഇപ്പോള്‍ ഇസ്രായേല്‍ സൈന്യത്തെ ഗസ നഗരത്തിലെ തുരങ്കങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ്. ഗസ പിടിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അത് വളരെ അപകടകരമാണെന്നും അത്തരമൊരു ആക്രമണം നടത്തുന്നതിന് മുമ്പ് ചര്‍ച്ചകള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും നടത്തണമെന്നും സൈന്യം ഇസ്രായേലി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. വിയറ്റ്‌നാമിലെ തുരങ്കങ്ങളും ഗറില്ലാ യുദ്ധവും ലോകത്തിലെ ഏറ്റവും ശക്തമായ യുഎസ് സൈന്യത്തിനുണ്ടാക്കിയ നഷ്ടങ്ങള്‍ ഇസ്രായേലി സൈനിക നേതൃത്വത്തിന് അറിയാത്തതാവില്ല. 1965 മുതല്‍ 1975 വരെയുള്ള കാലത്ത് 58,220 യുഎസ് സൈനികരാണ് വിയറ്റ്‌നാമില്‍ കൊല്ലപ്പെട്ടത്. യുഎസ് അയച്ച അഞ്ചരലക്ഷം സൈനികരില്‍ നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കും ഏറ്റു. അവസാനം ഹെലികോപ്റ്ററില്‍ കയറിയാണ് യുഎസ് സൈന്യം വിയറ്റ്‌നാം വിട്ടത്.
2021 ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ ലോകം കണ്ടതുപോലെ.

