ഗസ നഗരത്തില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍; ഗസയിലെ 48 ജൂത തടവുകാരുടെ 'വിടവാങ്ങല്‍' ചിത്രം പുറത്തുവിട്ട് ഹമാസ്
ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ അധിനിവേശവും വംശഹത്യയും രൂക്ഷമാക്കിയതിനെ തുടര്‍ന്ന് 48 ജൂതത്തടവുകാരുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. വിടവാങ്ങല്‍ ചിത്രം എന്ന പേരിലാണ് 48 പേരുടെയും ചിത്രങ്ങള്‍ ഹമാസ് പുറത്തുവിട്ടത്. 1986ല്‍ ലബ്‌നാനില്‍ അധിനിവേശം നടത്തുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തകര്‍ പിടികൂടിയ ഇസ്രായേലി വ്യോമസേനാ ക്യാപ്റ്റനായ റോണ്‍ അരദ് എന്നും അടിക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. 1986ല്‍ ലബ്‌നാനിലെ അമല്‍ പ്രസ്ഥാനമാണ് റോണ്‍ അരദിനെ പിടികൂടിയത്. പിന്നീട് ഹിസ്ബുല്ലയ്ക്ക് കൈമാറി. അതിന് ശേഷം അയാളുടെ വിവരങ്ങളൊന്നുമില്ല. നെതന്യാഹുവിന്റെ പിടിവാശിയും സൈനിക മേധാവി ഇയാല്‍ സാമിറിന്റെ കീഴടങ്ങലും മൂലമുള്ള വിടവാങ്ങള്‍ ചിത്രമെന്നാണ് അടിക്കുറിപ്പ്. ഇസ്രായേല്‍ ഗസ സിറ്റിയില്‍ ആക്രമണം തീവ്രമാക്കുന്നത് തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഹമാസ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗസ നഗരത്തിലെ വിവിധ പ്രദേശങ്ങളിലാണ് തടവുകാരുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.