കൊലപാതകങ്ങള്‍ തടരുമെന്നാണ് യുഎസ് വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന്റെ അര്‍ത്ഥമെന്ന് ഹമാസ്
ഗസ സിറ്റി: ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്കന്‍ ഭരണകൂടം മുന്നോട്ടു വച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് ഇതുവരെയും സമ്മതം മൂളിയിട്ടില്ലെന്നാണ് സൂചന. 'ഇപ്പോഴും ചര്‍ച്ചയിലാണ്' എന്നാണ് ഹമാസിന്റെ പ്രതികരണം. എന്നാല്‍ അതിന്റെ നിലവിലെ രൂപത്തില്‍ ഗസയില്‍ 'കൊലപാതകങ്ങളുടെയും ക്ഷാമത്തിന്റെയും തുടര്‍ച്ച' മാത്രമേ ഉണ്ടാകൂ എന്ന് ഹമാസിന്റെ ഒരു നേതാവ് പറഞ്ഞു.
വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഇസ്രായേല്‍ 'ഒപ്പുവച്ചതായി' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യാഴാഴ്ച പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് അത് ഹമാസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം ബാസിം നഈം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത് ഇങ്ങനെയാണ്: 'ഈ കരാര്‍ നമ്മുടെ ജനങ്ങളുടെ ഒരു ആവശ്യവും നിറവേറ്റുന്നില്ല, അവയില്‍ പ്രധാനം യുദ്ധം നിര്‍ത്തലാക്കുക എന്നതാണ്'. 'എന്നിരുന്നാലും, നേതൃത്വം പൂര്‍ണ ഉത്തരവാദിത്തത്തോടെ ഈ നിര്‍ദേശത്തോടുള്ള പ്രതികരണം പഠിച്ചുകൊണ്ടിരിക്കുകയാണ്.' നഈം കൂട്ടിച്ചേര്‍ത്തു.
പുതിയ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കിയിട്ടില്ല. എന്നാല്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് സമി അബു സുഹ്‌രി റോയിട്ടേഴ്‌സിനോട് പറഞ്ഞത്, ഗസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനോ ഇസ്രായേലി സൈന്യത്തെ പ്രദേശത്തുനിന്ന് പിന്‍വലിക്കുന്നതിനോ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തേക്ക് സഹായ വസ്തുക്കള്‍ സ്വതന്ത്രമായി പ്രവേശിക്കാന്‍ അനുവദിക്കുന്നതിനോ ഉള്ള ഇസ്രായേലിന്റെ പ്രതിജ്ഞാബദ്ധത അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്. വെടി നിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഇസ്രായേല്‍ സര്‍ക്കാരും പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
ഗസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളോട്, വിറ്റ്‌കോഫിന്റെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതായി ഈ ആഴ്ച ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
