ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് വിവരിച്ച് ഹമാസ് രാഷ്ട്രീയ കാര്യ സമിതി അംഗം ഗാസി ഹമാദ്. ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് യുഎസ് ഖത്തറിന് നല്‍കിയ നിര്‍ദേശങ്ങള്‍ ഉപദേഷ്ടാക്കള്‍ക്കൊപ്പം പരിശോധിക്കുന്ന സമയത്താണ് ആക്രമണമുണ്ടായതെന്ന് ഗാസി ഹമാദ് പറഞ്ഞു. യുഎസ് നിര്‍ദേശങ്ങള്‍ പഠിക്കാന്‍ ഹമാസ് നേതൃത്വം ഒരു ഓഫിസില്‍ കൂടിയിരുന്ന് ഒരു മണിക്കൂറിന് ശേഷമായിരുന്നു ആക്രമണം. മിസൈലുകളുടെ ശബ്ദം കേട്ടപ്പോള്‍ ആക്രമണത്തിന് ഇരയാവാന്‍ പോവുകയാണെന്ന് മനസിലായതായി ഗാസി ഹമാദ് പറഞ്ഞു.
''ഗസക്കാരായ ഞങ്ങള്‍ക്ക് ആ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. കഴിയുന്നത്ര വേഗത്തില്‍ ഞങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ആക്രമണത്തിന് ഭയാനകമായ തീവ്രത ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ അതിജീവിച്ചു-ഒരു മിനിറ്റിനുള്ളില്‍ ഏകദേശം 12 മിസൈലുകള്‍ വീണു. ദൈവകൃപയാല്‍ ഞങ്ങള്‍ അതിജീവിച്ചു.''-ഗാസി ഹമാദ് പറഞ്ഞു.
ഗസയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഹമാസ് നേതാക്കള്‍ക്ക് ശബ്ദങ്ങള്‍ തിരിച്ചറിയാനുള്ള പ്രത്യേക കഴിവുണ്ട്. ശബ്ദങ്ങളില്‍ നിന്ന് യുദ്ധവിമാനങ്ങളും മിസൈലുകളും ഡ്രോണുകളും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. അതായത്, ഏത് യുദ്ധവിമാനമാണ് വരുന്നത്, ഏത് മിസൈലാണ് വരുന്നത്, ഏതുതരം ഡ്രോണുകളാണ് വരുന്നത് എന്നൊക്കെ അവര്‍ മനസിലാക്കും. എത്ര മിസൈലുകള്‍ ഇസ്രായേല്‍ വിക്ഷേപിക്കുന്നുണ്ട് എന്ന് നോക്കുന്ന ഫലസ്തീനികള്‍ അതില്‍ എത്രയെണ്ണം സ്‌ഫോടനമുണ്ടാക്കിയെന്നും കണക്കെടുക്കും. അതിന് ശേഷം സ്‌ഫോടനമുണ്ടാക്കാത്ത പോര്‍മുനകള്‍ ശേഖരിക്കും. അവയിലെ സ്‌ഫോടകവസ്തുക്കളാണ് പിന്നീട് ഫലസ്തീനികളുടെ ആയുധങ്ങളില്‍ ഉപയോഗിക്കുക.
ദോഹയില്‍ സംഭവിച്ചത് കെയ്റോ, റിയാദ്, ബാഗ്ദാദ്, അമ്മാന്‍ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിന്റെ സൂചനയാണെന്നും ഗാസി ഹമാദ് മുന്നറിയിപ്പ് നല്‍കി. യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്‍ഡ് ഇറക്കിയ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മധ്യപൗരസ്ത്യ ദേശത്തിന്റെ ഭൂപടം മാറ്റുമെന്ന് പറഞ്ഞ് അറബ് രാജ്യങ്ങളില്‍ ബോംബിടുകയാണ്. അങ്ങനെയൊരാളെ അറബികളും ഇസ്‌ലാമിക രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും നേരിടണം.
യുഎസുമായുള്ള ഇടപെടലുകള്‍ കയ്‌പേറിയ അനുഭവങ്ങളാണ് നല്‍കിയതെന്നും ഗാസി ഹമാദ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധിയോട് ഹമാസ് വഴക്കത്തോടെയാണ് ഇടപെട്ടത്. പക്ഷേ, യുഎസ് സ്വന്തം വാക്കുകളോ വാഗ്ദാനങ്ങളോ പാലിച്ചില്ല. ഇസ്രായേലുമായി ഒത്തുകളിച്ച യുഎസ് ഓരോ 24 മണിക്കൂറിലും വാക്കുകളും നിലപാടുകളും മാറ്റിയെന്നും അദ്ദേഹം വെളിപ്പെടുത്തി. മധ്യസ്ഥരെ കൊല്ലാന്‍ ഇസ്രായേലിന് അനുമതിയും ആയുധങ്ങളും നല്‍കിയ യുഎസ് ഗസയിലെ ഫലസ്തീനികള്‍ നരകം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിയും മുഴക്കി. ട്രംപിന്റെ ഭീഷണികളെ ഹമാസ് ഭയക്കുന്നില്ലെന്നും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ഗാസി ഹമാദ് പറഞ്ഞു. നിയമപരവും മതപരവുമായ യുക്തികളുടെ അടിസ്ഥാനത്തിലാണ് ഹമാസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2006ല്‍ ഹമാസ് പിടികൂടിയ ഇസ്രായേലി സൈനികനായ ഗിലാദ് ഷാലിത്തിനെ മോചിപ്പിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുത്ത നേതാവാണ് ഗാസി ഹമാദ്. ഗിലാദിനെ തിരികെ കൊണ്ടുപോവാന്‍ ഇസ്രായേല്‍ കമാന്‍ഡോകള്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ചര്‍ച്ചകള്‍ നടന്നത്. ഗിലാദിന് പകരം 1,027 ഫലസ്തീനി തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയക്കേണ്ടി വന്നത്. യഹ്‌യാ സിന്‍വാര്‍ അടക്കമുള്ള പ്രമുഖ ഹമാസ് നേതാക്കള്‍ അങ്ങനെയാണ് തിരികെ ഗസയില്‍ എത്തിയത്.

