ട്രംപ് മാഗയുടെ ആഹ്വാനങ്ങള്‍ കേട്ട് ഇസ്രായേലി അജണ്ട നിരസിക്കണം: ഖാലിദ് മിശ്അല്‍

Update: 2025-12-16 04:46 GMT

ദോഹ: അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ(മാഗ) പ്രസ്ഥാനത്തിന്റെ ആഹ്വാനങ്ങള്‍ക്കനുസരിച്ച് ഇസ്രായേലി അജണ്ടയെ തള്ളിക്കളയാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാവണമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍. യുഎസിന്റെ സ്വന്തം താല്‍പര്യത്തേക്കാള്‍ അധികം യുഎസ് സര്‍ക്കാര്‍ ഇസ്രായേലിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് ഖാലിദ് മിശ്അല്‍ പറഞ്ഞു. ഇസ്രായേല്‍ ഒരു ബാധ്യതയായി മാറിയെന്ന് മാഗ പ്രസ്ഥാനം വരെ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. കൂടാതെ യുഎസ് താല്‍പര്യങ്ങള്‍ക്ക് എതിരായും ഇസ്രായേല്‍ മാറി. ഫലസ്തീനികള്‍ അധിനിവേശത്തിന് കീഴിലാണെന്ന് കാണാന്‍ ഒന്നു കണ്ണുതുറന്നാല്‍ മതി. ഇസ്രായേലി അധിനിവേശം ഇല്ലാതാക്കാന്‍ യുഎസ് ഇടപെട്ടാല്‍ ഞങ്ങള്‍ അവരോട് നന്ദി പറയും. ലോകം ഫലസ്തീനികളോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ സ്വയം പ്രതിരോധിക്കുകയും അധിനിവേശത്തെ പുറത്താക്കുകയുമല്ലാതെ ഫലസ്തീനികള്‍ക്ക് മറ്റു മാര്‍ഗമില്ല.

ഇസ്രായേലുമായി ദീര്‍ഘകാലത്തേക്ക് വെടിനിര്‍ത്താന്‍ ഹമാസ് തയ്യാറാണെന്നും ഖാലിദ് മിശ്അല്‍ പറഞ്ഞു. എന്നാല്‍, ഗസയില്‍ ഫലസ്തീനി ഇതര ഭരണസംവിധാനം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. മാത്രമല്ല അത് പരാജയപ്പെടുകയും ചെയ്യും.

ഫലസ്തീനിയന്‍ ജനത അമേരിക്കന്‍ താല്‍പര്യങ്ങള്‍ എതിരല്ലെന്നും ഖാലിദ് മിശ്അല്‍ പറഞ്ഞു. ' ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയും ഞങ്ങളുടെ ശത്രുക്കളോട് സഹകരിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം. ഞങ്ങള്‍ യുഎസിനോടും യൂറോപ്യന്‍ രാജ്യങ്ങളോടും സഹകരിക്കാന്‍ തയ്യാറാണ്. പക്ഷേ, അധിനിവേശത്തെയോ അതിനെ പിന്തുണക്കുന്നതിനെയോ പിന്തുണക്കാന്‍ ഞങ്ങള്‍ക്കാവില്ല. യുഎസ് ഇസ്രായേലിനെ സഹായിക്കുന്നത് കൊണ്ടുമാത്രമാണ് ഞങ്ങള്‍ യുഎസിന് എതിര്. അത് മാറ്റാന്‍ യുഎസിന് തീരുമാനമെടുക്കാവുന്ന സമയമാണ് ഇത്.''-അദ്ദേഹം പറഞ്ഞു.

സിറിയയില്‍ ബശാറുല്‍ അസദിനെതിരെ യുദ്ധം നടത്തിയ അഹമദ് അല്‍ ഷറയെ ട്രംപ് സ്വീകരിച്ചതായും ഖാലിദ് മിശ്അല്‍ ചൂണ്ടിക്കാട്ടി. സമാനമായ നിലപാട് ഫലസ്തീനികളുടെ കാര്യത്തിലും സ്വീകരിക്കാം. പക്ഷേ, '' തീവ്രവാദ'' ആരോപണമില്ലാത്ത ഫലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ പോലും യുഎസ് എതിര്‍ക്കുന്നു. ഹമാസുമായും ഫലസ്തീന്‍ അതോറിറ്റിയുമായും യുഎസ് സഹകരിക്കണം. കാരണം ഇസ്രായേല്‍ എന്നുമുണ്ടാവില്ല. ജെറുസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കലാണ് ഹമാസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.