
ഗസ സിറ്റി: ഗസയില്‍ ഇസ്രായേലി സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള യാസര്‍ അബു ശബാബ് പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഹമാസ് നിര്‍ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ സ്വന്തം ഭാഗം വാദിക്കാന്‍ അവസരം ലഭിക്കാതെ വിചാരണ നടക്കുമെന്നും കോടതി വിധിക്കുന്ന ശിക്ഷ നടപ്പാക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. രാജ്യദ്രോഹം, സായുധ കലാപം, സായുധ സംഘം രൂപീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗസ ഭരണകൂടം യാസര്‍ അബൂ ശബാബിനെതിരേ ചുമത്തിയിരിക്കുന്നത്.
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപുകള്‍ക്ക് അകത്ത് റഫയിലും കരാം അബു സലേം ക്രോസിങിലുമാണ് യാസറിന്റെ സംഘം പ്രവര്‍ത്തിക്കുന്നത്. യാസറിനെ കണ്ടാല്‍ വിവരം അറിയിക്കാന്‍ ഗസയിലെ വിപ്ലവ കോടതി ഫലസ്തീനികള്‍ക്ക് നിര്‍ദേശം നല്‍കി. കിഴക്കന്‍ റഫയിലെ ഇസ്രായേലി കാംപില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് ഇസ്രായേലി യുദ്ധമന്ത്രി യിസ്രായേല്‍ കാറ്റ്‌സ് റഫയില്‍ നേരിട്ട് സന്ദര്‍ശനവും നടത്തിയിരുന്നു.
ഗസയിലെ പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അബു ശബാബ് ഗോത്രത്തിലാണ് യാസര്‍ ജനിച്ചത്. പക്ഷേ, പ്രതിരോധത്തെ എതിര്‍ത്തതിനാല്‍ യാസറിനെ ഗോത്രം പുറത്താക്കിയിരുന്നു. യാസഫറിന്റെ രക്തം ഗോത്രത്തിന്റേത് അല്ലെന്നും പ്രഖ്യാപിച്ചു. യാസറിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാനുള്ള തടസം ഇത് നീക്കുന്നു.