''ജറുസലേമിലേക്ക് മാത്രമേ മാറൂ'': പ്രഖ്യാപനവുമായി ഹമാസ്; തടവുകാരെ വിട്ടയച്ചു, 369 ഫലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിച്ചു (VIDEOS)

Update: 2025-02-15 13:31 GMT

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത മൂന്നു ജൂതന്‍മാരെ ഹമാസും ഇസ്‌ലാമിക് ജിഹാദും വിട്ടയച്ചു. യുഎസ്, റഷ്യന്‍, അര്‍ജന്റീനിയന്‍ പൗരത്വമുള്ള മൂന്നു പേരെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഖാന്‍ യൂനിസില്‍ നടന്ന തടവുകാരെ വിട്ടയക്കല്‍ പരിപാടിയില്‍ അല്‍ ഖസ്സം ബ്രിഗേഡ്‌സ്, അല്‍ ഖുദ്‌സ് ബ്രിഗേഡ് സൈനികര്‍ പങ്കെടുത്തു.


അധിനിവേശ കാലത്ത് ഇസ്രായേലില്‍ നിന്നും പിടിച്ചെടുത്ത പത്തുതരം ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇസ്രായേല്‍ അധിനിവേശത്തില്‍ രക്തസാക്ഷികളായ മുഹമ്മദ് ദെയ്ഫ്, റാഫി സലാമ, ഷാദി ബറൂദ്, തയ്‌സീര്‍ അല്‍ മുബാഷിര്‍ എന്നിവരുടെ ചിത്രങ്ങളും പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചു.


ഗസ നിവാസികളെ ജോര്‍ദാനിലേക്കോ ഈജിപ്തിലേക്കോ മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം തളളുകയാണെന്ന് വ്യക്തമാക്കി ''ജറുസലേമിലേക്ക് മാത്രമേ മാറൂ''. എന്നെഴുതിയ ബാനറുകള്‍ക്ക് കീഴെയാണ് തടവുകാരെ കൈമാറിയത്. '' ഞങ്ങള്‍ വേഗത്തില്‍ അക്കരെ കടന്നു'' എന്നും ബാനറിലുണ്ടായിരുന്നു. തൂഫാനുല്‍ അഖ്‌സയില്‍ കുടിയേറ്റ ഭൂമിയില്‍ പ്രവേശിച്ചതിന്റെ വിവരങ്ങളും ഇതിലുണ്ടായിരുന്നു.




ഗസയില്‍ നിന്നും തടവുകാരെ ലഭിച്ച ശേഷം ഒഫര്‍ ജയിലില്‍ നിന്നും 369 ഫലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിച്ചു. വെസ്റ്റ്ബാങ്കിലെ ഫതഹ് പാര്‍ട്ടിയുടെ നേതാവായ മര്‍വാന്‍ ബര്‍ഗൗത്തിയുടെ സഹായിയായ അഹ്മദ് ബര്‍ഗൗത്തിയും വിട്ടയക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അഞ്ച് ജൂതന്‍മാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 13 ജീവപര്യന്തത്തിനാണ് അഹമ്മദിനെ ശിക്ഷിച്ചിരുന്നത്.

23 വര്‍ഷത്തിന് ശേഷം തിരിച്ചുവന്ന ഹസന്‍ ഉവൈസ് കുടുംബത്തെ കാണുന്നു



മുഹമ്മദ് നയിഫ് അബു റാബിയ

രണ്ടാം ഇന്‍തിഫാദയുടെ കാലത്ത് ഇസ്രായേലിനെ ചെറുത്തതിന് 14 ജീവപര്യന്തത്തിനും അധികമായി 50 വര്‍ഷം തടവിനും ശിക്ഷിച്ച മന്‍സൂര്‍ ശ്രെയിം, ജീവപര്യന്തം തടവിന് ശിക്ഷിച്ച അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ് നേതാവ് മുഹമ്മദ് നയിഫ് അബു റാബിയ, വദ്ദാ അല്‍ ബസ്ര, 11 ജീവപര്യന്തം തടവിന് ശിക്ഷിച്ച അഹമദ് അബ്ദുല്‍ ഖാദര്‍, ഇസ്രായേലി പോലിസിലെ സൂപ്രണ്ടായ മോശെ ദയാനെ വെടിവെച്ചു കൊന്നു എന്നാരോപിച്ച് ശിക്ഷിച്ച ഫലസ്തീന്‍ അതോറിറ്റി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് ശരയ്യ, ജൂത കുടിയേറ്റക്കാരനായ മൊര്‍ദെച്ചായ് ഷാഫിറിനെ കൊലപ്പെടുത്തിയെന്ന് ആരോപണമുള്ള മന്‍സൂര്‍ മുഖാദ, ഇസ്രായേലിന് അകത്ത് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങളുടെ രഹസ്യ സെല്ലുണ്ടാക്കി പ്രവര്‍ത്തിച്ചെന്ന ആരോപണമുള്ള സമീര്‍ അലൈറ്റ് എന്നിവര്‍ മോചിപ്പിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം റാമല്ലയിലും ഗസയിലും തിരിച്ചെത്തി.

ഇസ്രായേലികള്‍ കാല്‍ മുറിച്ചു മാറ്റിയ തടവുകാരന്‍ അബ്ദുല്‍ തയ്‌സീര്‍

ഫലസ്തീനികളെ ജൂതചിഹ്നങ്ങള്‍ പതിച്ച വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ഇസ്രായേലികള്‍ വിട്ടയച്ചത്. ഇത് പിന്നീട് കൂട്ടിയിട്ട് കത്തിച്ചു.