ഗസയുടെ ഇച്ഛാശക്തിയെ തകര്‍ക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു: ഹമാസ്

Update: 2025-07-08 15:47 GMT

ഗസ സിറ്റി: ഗസയുടെ ഇഛാശക്തി തകര്‍ക്കുന്നതിലും പ്രതിരോധ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിലും ഇസ്രായേല്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ഫലസ്തീനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ്. കഴിഞ്ഞ 640 ദിവസമായി സയണിസ്റ്റ് ശത്രു നടത്തിയ ആക്രമണങ്ങളെ നമ്മുടെ ജനത പ്രതിരോധിച്ചു. ഫലസ്തീനികളുടെ ഉറപ്പുകള്‍ ഇപ്പോള്‍ ലോകത്തിന് മനസിലായി. ഹമാസിനെ പരാജയപ്പെടുത്തുമെന്ന സയണിസ്റ്റുകളുടെ ആഗ്രഹം ടണലുകളിലെ സ്‌ഫോടനങ്ങളും പതിയിരുന്നാക്രമണങ്ങളും തകര്‍ത്തു. ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ ബലം പ്രയോഗിച്ച് മോചിപ്പിക്കാമെന്ന ആഗ്രഹവും തകര്‍ന്നു. ബെയ്ത്ത് ഹാനൂനിലും ഖാന്‍ യൂനിസിലും ഇസ്രായേലിന്റെ ഗിഡിയണ്‍ രഥം ഓപ്പറേഷനെ കത്തിച്ചു. പട്ടിണിയും ഉപരോധവും മറികടന്നാണ് പ്രതിരോധ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇസ്രായേലി സൈന്യം സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുകയാണ്. ഗസയില്‍ കടന്നുകയറിയ ഇസ്രായേലി സൈനികര്‍ തിരിച്ചുപോവാനാവാത്ത മരണക്കെണിയിലാണ് പെട്ടിരിക്കുന്നത്.

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാമെന്ന സയണിസ്റ്റുകളുടെ ആഗ്രഹവും നടന്നില്ല. കൂട്ടക്കൊലകള്‍, പട്ടിണി, ബോംബിങ് എന്നിവയുണ്ടായിട്ടും ഫലസ്തീനികള്‍ സ്വന്തം മണ്ണില്‍ തുടരുകയാണ്. ഇത് ഐതിഹാസികമായ നിലപാടാണ്. അധിനിവേശ സേനയ്ക്കെതിരായ പോരാട്ടം ഒരിക്കലും മിസൈലുകളുടെയും ആയുധങ്ങളുടെയും മാത്രം പോരാട്ടമല്ല, മറിച്ച് അവബോധത്തിന്റെയും ഇച്ഛാശക്തിയുടെയും ക്ഷമയുടെയും പോരാട്ടമാണെന്നും പ്രസ്താവനയില്‍ ഹമാസ് പറഞ്ഞു.