ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ജൂതന്‍മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറി ഹമാസ് (video)

Update: 2025-02-20 12:56 GMT

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയില്‍ ഗസയിലേക്ക് കൊണ്ടുവന്നതിന് ശേഷം ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് ജൂതന്‍മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഹമാസ് കൈമാറി. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിന് കിഴക്കുവച്ചാണ് റെഡ്‌ക്രോസിന് ഭൗതികാവശിഷ്ടങ്ങള്‍ കൈമാറിയത്. ഹമാസ് അടക്കമുള്ള വിവിധ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ സായുധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.


അല്‍ ഖസ്സം ബ്രിഗേഡിന്റെ കിഴക്കന്‍ ബറ്റാലിയന്‍ കമാന്‍ഡറും ചടങ്ങില്‍ പങ്കെടുത്തു. തൂഫാനുല്‍ അഖ്‌സയില്‍ അല്‍സന പ്രദേശത്ത് ഇസ്രായേലി സൈന്യവുമായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമുട്ടിയിരുന്നു. അന്ന് പിടിച്ചെടുത്ത ഒരു കറുത്ത നിറത്തിലുള്ള കാറും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അധിനിവേശ കാലത്ത് കൊല്ലപ്പെട്ടു എന്ന ഇസ്രായേല്‍ അവകാശപ്പെട്ട നിരവധി ഫലസ്തീനി സായുധപ്രവര്‍ത്തകര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു. ഗുരുതരമായ പരിക്കേറ്റ ഒരാള്‍ വീല്‍ചെയറിലും എത്തി.

''യുദ്ധക്കുറ്റവാളി നെതന്യാഹുവും അയാളുടെ നാസി സൈന്യവും സയണിസ്റ്റ് യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ ഉപയോഗിച്ച് അവരെ കൊന്നു.'' എന്ന് എഴുതിയ ബാനറിന് കീഴില്‍ വച്ചാണ് ഭൗതികാവശിഷ്ടങ്ങള്‍ കൈമാറിയത്. ഇസ്രായേലി സൈനിക വിമാനങ്ങള്‍ ബോംബിട്ട് കൊന്നില്ലെങ്കില്‍ നാലുപേരും ജീവിച്ചിരുന്നേനെയെന്ന് അല്‍ഖസം ബ്രിഗേഡ് വക്താവ് അബു ഉബൈദ പ്രസ്താവനയില്‍ പറഞ്ഞു. ഈ നാലുപേരെയും സംരക്ഷിച്ചിരുന്ന അല്‍ ഖസ്സം ബ്രിഗേഡ് പ്രവര്‍ത്തകരും ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

''ഇസ്രായേലില്‍ നിന്നുള്ള തടവുകാരുടെ ജീവന്‍ ഞങ്ങള്‍ സംരക്ഷിച്ചു. അവര്‍ക്ക് കഴിയുന്നതെല്ലാം നല്‍കി. അവരോട് മാനുഷികമായി പെരുമാറി. പക്ഷേ അവരുടെ സൈന്യം അവരെ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കൊപ്പം കൊന്നു.''-അബു ഉബൈദ വിശദീകരിച്ചു.

ശനിയാഴ്ച്ച ആറു ഇസ്രായേലികളെ ഹമാസ് കൈമാറും. ഇതിന് പകരമായി 600ല്‍ അധികം ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും. ഇതില്‍ ജീവപര്യന്തം തടവും ദീര്‍ഘകാല തടവും അനുഭവിക്കുന്ന 50 തടവുകാരും ഉള്‍പ്പെടുന്നു, 47 പേര്‍ 'ഷാലിറ്റ് കരാറില്‍' മോചിതരായവരും പിന്നീട് വീണ്ടും അറസ്റ്റിലായവരുമാണ്.