ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അന്താരാഷ്ട്ര ഭരണം ഏര്‍പ്പെടുത്താന്‍ യുഎസ് ശ്രമിക്കുമ്പോഴും ഹമാസ് തങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കിയതായി റിപോര്‍ട്ട്. ഇസ്രായേലി സൈന്യം പിന്‍മാറിയ പ്രദേശങ്ങളില്‍ വേഗത്തില്‍ നിയന്ത്രണം ഏറ്റെടുത്തതായി അല്‍ ഖുദ്‌സിലെ റിപോര്‍ട്ട് പറയുന്നു. ഗസയിലേക്ക് പ്രവേശിക്കുന്ന ചരക്കുകളെല്ലാം ഹമാസ് നേതൃത്വത്തിലുള്ള ഭരണസംവിധാനം കര്‍ക്കശമായി നിരീക്ഷിക്കുന്നതായി മൂന്നു വ്യാപാരികള്‍ അടക്കമുള്ളവര്‍ അല്‍ ഖുദ്‌സിനോട് പറഞ്ഞു. സിഗററ്റ്, ഇന്ധനം തുടങ്ങിയ വസ്തുക്കള്‍ക്ക് ഭരണകൂടം നികുതി ചുമത്തുന്നുണ്ട്. ഉയര്‍ന്ന് വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് പിഴയും ഈടാക്കുന്നു. റെയ്ഡ്, ഫീല്‍ഡ് പരിശോധന എന്നിവയിലൂടെയാണ് സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വിദേശശക്തികള്‍ക്കും അതിന്റെ കൂട്ടാളികള്‍ക്കും ഹമാസിനെ അരികുവല്‍ക്കരിക്കാന്‍ കഴിയില്ലെന്ന് വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ സീനിയര്‍ ഫെലോ ആയ ഗൈത്ത് അല്‍-ഉമരി പറഞ്ഞു.
അതേസമയം, അധിനിവേശാനന്തരം ഗസയില്‍ നടത്തിയ തവ്ജിഹി പരീക്ഷയില്‍ 30,000 കുട്ടികള്‍ വിജയിച്ചു. അധിനിവേശ കാലത്ത് 16000 വിദ്യാര്‍ഥികളെയും 750 അധ്യാപകരെയുമാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. അതിനെയെല്ലാം അതിജീവിച്ചാണ് കുട്ടികള്‍ പരീക്ഷ എഴുതി വിജയിച്ചത്.