പാതിവിലതട്ടിപ്പ്; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി, തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്ന് കോടതി

Update: 2025-02-11 13:16 GMT

മുവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്. പാതിവില തട്ടിപ്പുക്കേസില്‍ നിലവില്‍ 34 കേസുകളാണ് അനന്തുവിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പോലിസ് കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസിലെ ഒന്നാം പ്രതി സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാറും രണ്ടാം പ്രതി നാഷണല്‍ എന്‍ജിഒ. കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണനുമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുനമ്പം അന്വേഷണ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ മൂന്നാംപ്രതിയാക്കിയിരുന്നു.