ദമ്പതിമാര്‍ ഹജ്ജിന് പോയി; പൂട്ടിയിട്ട വീട്ടില്‍ മോഷണ ശ്രമം

Update: 2025-05-17 02:32 GMT

ആലപ്പുഴ: ദമ്പതിമാര്‍ ഹജ്ജിന് പോയതിനാല്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണ ശ്രമം. ആലപ്പുഴ വലിയകുളം വെറ്റക്കാരന്‍ ജങ്ഷനിലെ അഡ്വ. മുജാഹിദിന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. അഡ്വ. മുജാഹിദും ഭാര്യ മുംതാസും വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഹജ്ജിന് പോയിരുന്നു. ഇന്നലെ ഉച്ചയോടെ ജോലിക്കാരി വീടു വൃത്തിയാക്കാനെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് തൊട്ടടുത്തുള്ള ബന്ധുവിനെ അറിയിച്ചു.

ഇവര്‍ സൗത്ത് പോലിസില്‍ വിവരമറിയിച്ചു. ഇതോടെ പോലിസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി. കിടപ്പുമുറിയും സ്‌റ്റോറും ഉള്‍പ്പെടെ അഞ്ചു മുറികളുള്ള വീടിന്റെ രണ്ടു ഗേറ്റും പൂട്ടിയനിലയിലായിരുന്നു. മതില്‍ ചാടിക്കടന്ന മോഷ്ടാവ് മുന്‍വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. അലമാരയടക്കം കുത്തിത്തുറന്ന് പരിശോധിച്ചിരുന്നു. അടുക്കളയോടു ചേര്‍ന്നുള്ള സ്‌റ്റോര്‍ റൂമില്‍ മാത്രം കള്ളന്‍ കയറിയില്ല. വീട് അരിച്ചുപെറുക്കിയ കള്ളന്‍ ഒന്നും കിട്ടാതെയാണ് മടങ്ങിയത്. മോഷണവിവരമറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ സ്റ്റോര്‍ റൂമില്‍ രണ്ടു തുണികളായി പൊതിഞ്ഞ നിലയില്‍ 25 പവന്‍ സ്വര്‍ണ്ണം കണ്ടെത്തി. സ്റ്റോര്‍ റൂമില്‍ കയറാത്തതിനാല്‍ സ്വര്‍ണ്ണം കള്ളന്റെ കണ്ണില്‍ പെട്ടില്ല. വീട്ടില്‍ നിന്ന് പണമോ സ്വര്‍ണമോ മോഷണം പോയിട്ടില്ലെന്ന് പോലിസ് അറിയിച്ചു.