
മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇന്ന് തുടക്കം. ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മത്തിനായി പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
'അല്ലാഹുവേ, നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുന്നു' എന്നര്‍ഥം വരുന്ന 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്' എന്ന മന്ത്രധ്വനികളുമായി ശുഭ്രവസ്ത്രധാരികളായ തീര്‍ത്ഥാടകര്‍ മിനാ താഴ്‌വരയെ ഇന്ന് അക്ഷരാര്‍ഥത്തില്‍ ഒരു തൂവെള്ള സമുദ്രമാക്കി മാറ്റും. ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികളുടെ ആഗോള സംഗമമാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് കര്‍മം.
ആഴ്ചകള്‍ക്കുമുമ്പേ പുണ്യഭൂമിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ക്ക് പ്രാരംഭം കുറിക്കുന്നത് ഇന്നാണെങ്കിലും ഇന്നലെ സായംകാലം മുതല്‍ തന്നെ മിനായിലേക്കുള്ള തീര്‍ത്ഥാടക ലക്ഷങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ഇന്ന് തീര്‍ത്ഥാടകര്‍ തങ്ങുന്നത് മിനാ താഴ്‌വരയിലായിരിക്കും.
ഹജ്ജിന്റെ പ്രധാന ഭാഗമായ അറഫ സംഗമം നാളെയാണ്. ദൈവസ്മരണകളിലലിഞ്ഞും ഭക്തിസാന്ദ്രമായ ആരാധനകളില്‍ മുഴുകിയും മിനായില്‍ കഴിഞ്ഞിരുന്ന തീര്‍ത്ഥാടകര്‍ വ്യാഴാഴ്ച ഉച്ചയ്ക്കു മുമ്പായിത്തന്നെ അറഫ മൈതാനത്ത് എത്തിച്ചേരും. ഈ അറഫ സംഗമമാണ് ഹജ്ജിന്റെ സുപ്രധാന കര്‍മം. ഉച്ച നമസ്‌കാരവേളയില്‍ അറഫ പ്രഭാഷണം നടക്കും. പ്രവാചകന്റെ വിഖ്യാതമായ അറഫ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. സമത്വത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഉജ്ജ്വല പ്രഖ്യാപനമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയുടെ അറഫ പ്രഭാഷണം.
പകല്‍ സമയം അറഫയില്‍ തങ്ങുന്ന തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലാണ് രാപാര്‍ക്കുക. പിറ്റേന്ന് വെള്ളിയാഴ്ച വീണ്ടും മിനായില്‍ തിരിച്ചെത്തും. അവിടെ തങ്ങിയാണ് മൂന്നുദിവസങ്ങളിലായുള്ള ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
കഅ്ബയെ പ്രദക്ഷിണം ചെയ്യലും ജംറയിലെ കല്ലേറും ബലിയറുക്കലും മുടിമുറിക്കലുമെല്ലാം ഹജ്ജിന്റെ കര്‍മങ്ങളില്‍ പെടുന്നു.
ദൈവസമര്‍പ്പണത്തിന്റെ ഉജ്ജ്വല മാതൃകകളായ പ്രവാചക പ്രവരന്‍ ഇബ്‌റാഹീം നബിയുടെയും പ്രിയപത്‌നി ഹാജറയുടെയും അവരുടെ മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗസ്മരണകള്‍ ഉണര്‍ത്തുന്നതാണ് ഹജ്ജ് കര്‍മത്തിന്റെ അന്തസ്സാരം.