ഹജ്ജ് തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ ലഭിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവണം: എസ്ഡിപിഐ

Update: 2025-10-19 06:26 GMT

തിരൂരങ്ങാടി: ഹജ്ജിന്റെ പേരില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ വാങ്ങി നല്‍കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്ന് എസ്ഡിപിഐ തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 2024ല്‍ നൂറുകണക്കിന് പേരുടെ കൈയ്യില്‍ നിന്ന് ഹജ്ജിന് പോവാന്‍ ട്രാവല്‍സ് വഴി പണം വാങ്ങി തട്ടിപ്പ് നടത്തിയ തിരൂരങ്ങാടിയിലെ ലീഗ് നേതാവു കൂടിയായ കരിപറമ്പ് വലിയ പീടിക അഫ്‌സല്‍ ചെയ്ത ക്രൂരത കണ്ടില്ലെന്ന് നടിക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിയില്ല. നിരവധി പേരുടെ കൈയ്യില്‍ നിന്ന് കോടി കണക്കിന് രൂപയാണ് ഇയാള്‍ വെട്ടിച്ചിരിക്കുന്നത്. 2019ലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി. തട്ടിപ്പിന് ഇരയായവര്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല. അതുകൊണ്ടാണ് പോലിസില്‍ പരാതി നല്‍കിയത്. പണം ചോദിക്കുന്നവരെ അഫ്‌സല്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപണമുണ്ട്. പല ചര്‍ച്ചകള്‍ക്കും നേതൃത്വം വഹിക്കുന്നത് ഇപ്പോഴും ലീഗ് നേതൃത്വമാണെന്നിരിക്കെ മാനുഷിക പരിഗണന വെച്ച് ലീഗ് നേതാവില്‍ നിന്ന് പണം ഇരകള്‍ക്ക് വാങ്ങി നല്‍കാന്‍ തിരൂരങ്ങാടിയിലെ അടക്കം ലീഗ് നേതൃത്വങ്ങള്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപെട്ടു. തട്ടിപ്പ് നടത്തിയ അഫ്‌സലിന്റെ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്ഡിപിഐ തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് ടി ടി ഹുസൈന്‍, റിയാസ് തിരൂരങ്ങാടി, അബ്ബാസ് കാച്ചടി സംസാരിച്ചു.