ഹജ്ജ്: ആദ്യ വിമാനം പുലര്‍ച്ചെ 12.45 ന് പുറപ്പെടും; ലഗേജ് ഭാരത്തിലെ നിയന്ത്രണം മെയ് 12 (തിങ്കള്‍) വരെ തുടരും
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച പുലര്‍ച്ചെ 12.45ന് പുറപ്പെടും. കരിപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 77 പുരുഷന്മാരും 95 സ്ത്രീകളുമുള്‍പ്പടെ 172 തീര്‍ത്ഥാടകരാണ് യാത്രയാവുക. സൗദി സമയം പുലര്‍ച്ചെ 4.15 ന് വിമാനം ജിദ്ദയിലിറങ്ങും. ആദ്യ വിമാനത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച രാവിലെ ക്യാമ്പിലെത്തിയിരുന്നു. തീര്‍ത്ഥാടകരുടെ ജുമുഅ നിസ്‌കാരം ക്യാമ്പില്‍ വെച്ച് നടത്തി. ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം രാത്രി 8.30 ഓടെയാണ് തീര്‍ത്ഥാടകര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
എയര്‍പോര്‍ട്ടില്‍ തീര്‍ത്ഥാടകരുടെ ദേഹപരിശോധന, ഇമിഗ്രേഷന്‍ എന്നീ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ വിമാനം കയറുന്നത് വരെ ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിന് നിശ്ചിത എണ്ണം ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരെയും എയര്‍പോര്‍ട്ടില്‍ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരില്‍പ്പെട്ട മൂന്നിയൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കെ.എം മുഹമ്മദ് ജൈസലാണ് ആദ്യ സംഘത്തെ അനുഗമിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 4.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തില്‍ 87 പുരുഷന്മാരും 86 സ്ത്രീകളും യാത്ര തിരിക്കും.
മെയ് പതിനൊന്നിന് ഞായറാഴ്ച കോഴിക്കോട് നിന്നും മൂന്നും കണ്ണൂരില്‍ നിന്നു രണ്ടും വീതം വിമാനങ്ങള്‍ സര്‍വ്വീസുകള്‍ നടത്തും. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 12.55 നും രാവിലെ 8.5 നും വൈകുന്നേരം 4.30 നുമാണ് ഷെഡ്യൂള്‍. ഈ വിമാനങ്ങളിലേക്കുള്ള തീര്‍ത്ഥാടകര്‍ ശനിയാഴ്ച യഥാക്രമം രാവിലെ 10 നും ഉച്ചക്ക് 2.30 നും വൈകുന്നേരം 4.30 നും ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യും.
കണ്ണൂരില്‍ നിന്നും ആദ്യ വിമാനം ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കും രണ്ടാമത്തെ വിമാനം രാത്രി 7.30 നുമാണ് പുറപ്പെടുക.
തീര്‍ത്ഥാടകര്‍ക്ക് യാത്രയില്‍ കരുതേണ്ട അത്യാവശ്യ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പോടു കൂടി ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിന് കീഴില്‍ പ്രത്യേക സൗകര്യം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.
സഊദി രിയാല്‍ ആവശ്യമുള്ള തീര്‍ത്ഥാടകര്‍ക്ക് ആയത് ലഭ്യമാക്കുന്നതിന് പ്രത്യേക മണി എക്‌സേചേഞ്ച് കൗണ്ടര്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലഗേജ് ഭാരത്തിലെ നിയന്ത്രണം മെയ് 12 (തിങ്കള്‍) വരെ തുടരും
രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക് എയര്‍ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള ഹജ്ജ് സര്‍വ്വീസുകളില്‍ തീര്‍ത്ഥാടകരുടെ ലേഗജ് ഭാരത്തില്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ മെയ് 12 തിങ്കളാഴ്ച വരെ തുടരും. ഈ പശ്ചാതലത്തില്‍ കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും മെയ് 12 വരെയുള്ള എല്ലാ ഹജ്ജ് വിമാനങ്ങളിലും ലഗേജ് ഭാരം പരമാവധി 30 കിലോ മാത്രമേ അനുവദിക്കുകയുള്ളൂ. (15 കിലോയുടെ 2 ബാഗ് വീതം). ഹാന്റ് ബാഗേജിന്റെ ഭാരം പരമാവധി ഏഴ് കിലോ ആയിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലെ വിവരങ്ങള്‍ അധികൃതരില്‍ നിന്നും ലഭിക്കുന്ന മുറക്ക് തീര്‍ത്ഥാടകരെ അറിയിക്കും

