
ഇന്ന് ആരംഭിച്ച 2025ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യ സമൂലമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. തീര്‍ത്ഥാടകര്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോവുന്നത് തടയുന്ന പുതിയ ചട്ടവും ആദ്യമായി ഹജ്ജിന് പോവുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ആധുനിക കാലത്തെ ഹജ്ജ് തീര്‍ത്ഥാടന ചരിത്രത്തിലെ ഏറ്റവും പ്രധാനമാറ്റങ്ങളാണ് ഇവ.
ഇസ്‌ലാമിന്റെ അഞ്ച് അനുഷ്ഠാന കാര്യങ്ങളില്‍ ഒന്നായ ഹജ്ജ്, പ്രായപൂര്‍ത്തിയായ, സാമ്പത്തികമായും ശാരീരികമായും പ്രാപ്തിയുള്ള ഒാരോ മുസ്‌ലിമും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഷ്ഠിക്കണം. പ്രതിവര്‍ഷം ഏകദേശം 20 ലക്ഷം മുസ്‌ലിംകളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഹജ്ജിന് സൗദി അറേബ്യയില്‍ എത്തുന്നത്.
ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ നടന്നിരുന്ന മരുഭൂമിയിലെ യാത്രയായ ഹജ്ജ് ഇന്നൊരു ലോജിസ്റ്റിക് അദ്ഭുതമായി മാറിയിരിക്കുന്നു. സൗദി സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ ഹജ്ജിന്റെ 1,400 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു.
മക്കയിലെ കഅ്ബയെ വലംവയ്ക്കല്‍, അറഫാ മൈതാനിയില്‍ പ്രാര്‍ഥനയില്‍ നില്‍ക്കല്‍, പ്രവാചകന്‍ ഇബ്രാഹിമിന്റെയും കുടുംബത്തിന്റേയും പാത പിന്തുടരുന്ന ഭക്തിയില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ദിവസങ്ങളിലായി നിരവധി ആചാരങ്ങളുടെ ഒരു പരമ്പര തന്നെ തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുന്നു.
''ഹജ്ജ് മുസ്‌ലിംകള്‍ക്ക് ആഴത്തിലുള്ള ആത്മീയാനുഭവമാണ്.''-അല്‍ മഗ്‌രിബ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് ശെയ്ഖ് വലീദ് ബസ്യൂണി പറയുന്നു. '' അത് ആത്മപരിശോധനയ്ക്കും മാനസാന്തരത്തിനും വിശ്വാസ നവീകരണത്തിനുമുള്ള സമയമാണ്.''
കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം തീര്‍ത്ഥാടനത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് കേട്ടപ്പോള്‍ പലരും ഞെട്ടിപ്പോയെന്ന് ശെയ്ഖ് വലീദ് ബസ്യൂണി പറയുന്നു.

സുരക്ഷയാണ് ഇതിന് കാരണമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാണിച്ചത്. കടുത്ത ചൂടും തിരക്കും കാരണം 2024ല്‍ 1,300ലധികം പേര്‍ തീര്‍ത്ഥാടനത്തിനിടെ മരിച്ചു. എന്നാല്‍, പുതിയ നയം കുടുംബങ്ങള്‍ ഒരുമിച്ച് മതപരമായ കടമ നിറവേറ്റുന്നതിനായി യാത്ര ചെയ്തിരുന്ന നൂറ്റാണ്ടുകളായുള്ള പതിവിനെ ലംഘിക്കുന്നു.
ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ പോലെ കൊടുംചൂടിലാണ് ഹജ്ജ് നടക്കുന്നത്. ഇസ്‌ലാമിക കലണ്ടര്‍ എല്ലാ വര്‍ഷവും ഏകദേശം 10 ദിവസം പുറകിലോട്ട് പോവുന്നതിനാല്‍ 33 വര്‍ഷത്തെ ചക്രത്തില്‍ 2034 മുതല്‍ 2041 വരെ ഹജ്ജ് ശൈത്യകാലത്തായിരിക്കും.
'വളരെ ചൂടുള്ള വേനല്‍ക്കാലത്ത് ഹജ്ജ് വരുമ്പോള്‍ അവര്‍ കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാം. എന്നാല്‍ കാലാവസ്ഥ മെച്ചപ്പെടുമ്പോള്‍ അവരത് മാറ്റിയേക്കാം.''- ബസ്യൂണി പറഞ്ഞു.
ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ നടപടിയും ഇത്തവണ സൗദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഗോള മുസ്‌ലിം സമൂഹത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തുല്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനാണ് ഇത്. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടകരെ അപേക്ഷിച്ച് സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഹജ്ജിന് എത്താന്‍ കഴിയുന്ന അവസ്ഥ ഇത് ഇല്ലാതാക്കുന്നു.
ഈ വര്‍ഷത്തെ ഹജ്ജിന് സുരക്ഷ ഉറപ്പാക്കാന്‍ എഐ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഡ്രോണുകള്‍ സൗദി ഉപയോഗിക്കുന്നുണ്ട്. തെര്‍മല്‍ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് അധികാരികള്‍ക്ക് ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ തദ്‌സമയം നിരീക്ഷിക്കാനും സുരക്ഷാ ഭീഷണികളില്‍ ഇടപെടാനും കഴിയും.
പെര്‍മിറ്റില്ലാത്ത തീര്‍ത്ഥാടകരെ കണ്ടെത്താന്‍ എഐയില്‍ പ്രവര്‍ത്തിക്കുന്ന സാഖ്ര്‍ ഡ്രോണും ഇത്തവണ അവതരിപ്പിച്ചു. 'അനുമതിയില്ലാതെ ഹജ്ജ് പാടില്ല' എന്ന കാംപയിന്റെ ഭാഗമാണിത്.
ലോകത്തിലെ ഏറ്റവും വലിയ ശീതീകരണ സംവിധാനമാണ് ഗ്രാന്‍ഡ് മോസ്‌കില്‍ ഒരുക്കിയിരിക്കുന്നത്. 1,55,000 ടണ്‍ ശേഷിയുള്ള എസിയാണ് ഇത്. കൂടാതെ തണല്‍പ്രദേശങ്ങള്‍ 50,000 ചതുരശ്ര മീറ്ററാക്കിയും 400 കൂളിങ് യൂണിറ്റുകളും വികസിപ്പിച്ചു. ആയിരക്കണക്കിന് ഡോക്ടര്‍മാരെയും റിസര്‍വായി നിലനിര്‍ത്തി.
പാകിസ്താന്‍, ഇറാഖ്, മൊറോക്കോ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ സിംഗിള്‍ എന്‍ട്രി വിസയിലേക്ക് പരിമിതപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യ വിസ നയം മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുള്ള ആളുകള്‍ ഹജ്ജ് സീസണില്‍ രാജ്യത്ത് പ്രവേശിക്കുകയും പെര്‍മിറ്റ് ഇല്ലാതെ ഹജ്ജില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഹജ്ജ് വിസയുടെ കാലാവധിയും ഇത്തവണ പുതുക്കി. മുഹര്‍റം 10ന്, അതായത് 2025 ജൂലൈ 6ന് ഇത് അവസാനിക്കും.
പുണ്യനഗരങ്ങളിലേക്കുള്ള പ്രവേശനവും കര്‍ശനമാക്കിയിട്ടുണ്ട്. ഏപ്രില്‍ അവസാനം മുതല്‍, ഔദ്യോഗിക ഹജ്ജ് വിസകള്‍, റെസിഡന്‍സി വിസയുള്ളവര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. പെര്‍മിറ്റുകള്‍ ഇല്ലാത്ത 2,69,000 പേരെയാണ് ഈ വര്‍ഷം മക്കയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞത്.
'മതപരമായ ചില ആചാരങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അനുവാദമുണ്ടെന്ന് മുസ്‌ലിം നിയമജ്ഞര്‍ പറയുന്നുണ്ട്''-ബസ്യൂണി പറയുന്നു. ഉദാഹരണത്തിന് കൊവിഡ് മഹാമാരിയുടെ കാലത്ത് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഏതൊരു നിയന്ത്രണത്തിനും വ്യക്തമായ ഗുണം ഉണ്ടായിരിക്കണമെന്നാണ് ബസ്യൂണി പറയുന്നത്.