''മേഡം ഇന്ന് മേക്ക്അപ്പ് ഇട്ടില്ലേ'' എന്ന കമന്റില്‍ ''ഹഹ'' ഇമോജി; ഡെപ്യൂട്ടി കമ്മീഷണറുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്
ഗുവാഹതി: അസമിലെ കൊക്രജാര്‍ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ വര്‍ണാലി ദേകയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലെ കമന്റില്‍ ''ഹഹ'' ഇമോജിയിട്ട രണ്ടുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. ദെക്കിയജുലി സ്വദേശികളായ അമിത് ചക്രബര്‍ത്തി, അബ്ദുല്‍ സുബൂര്‍ ചൗധുരി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും കൊക്രജാര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
ഐഎഎസ് ഉദ്യോഗസ്ഥയായ വര്‍ണാലി ദേകയിട്ട ഒരു സെല്‍ഫിയുടെ കീഴെ നരേഷ് ബരുവ എന്നയാളാണ് ''മേഡം എന്ന് മേക്ക് അപ്പ് ഇട്ടില്ലേ'' എന്ന് കമന്റിട്ടത്. ഇതിന് ''ഹഹ'' ഇമോജിയിടുകയാണ് രണ്ടുപ്രതികളും ചെയ്തത്. തുടര്‍ന്ന് തന്നെ ഓണ്‍ലൈനായി പിന്തുടരുകയാണെന്നും ലൈംഗികമായി അപമാനിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ച് വര്‍ണാലി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
വര്‍ണാലി ദേക
'' ഞാന്‍ ഒരു ഫേസ്ബുക്ക് കമന്റ് കണ്ടുചിരിച്ചുപോയി. അതിനാല്‍ ''ഹഹ'' ഇട്ടു. പക്ഷേ, ഒന്നു ചിരിച്ചതിന് വീട്ടില്‍ നിന്നും 273 അകലെയുള്ള കോടതിയില്‍ വന്ന് ജാമ്യം എടുക്കേണ്ടി വന്നു. ജനുവരി 23ന് കൊക്രജാര്‍ പോലിസ് ഫോണ്‍ ചെയ്തപ്പോഴാണ് കേസിന്റെ കാര്യം അറിഞ്ഞത്.''-അമിത് ചക്രബര്‍ത്തി പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസില്‍ ഫോര്‍ത്ത് ഗ്രേഡ് ജീവനക്കാരനായ ദീപക് ദാസിനെ മര്‍ദ്ദിച്ചതിന് നേരത്തെ വര്‍ണാലിക ദേകയ്‌ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ഉച്ചഭക്ഷണം കാരി ബാഗില്‍ കൊണ്ടുവന്നില്ലെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. ലോക്‌സഭാതിരഞ്ഞെടുപ്പുകാലത്ത് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ അപര്‍ണ ശര്‍മയും ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
