ഗസയിലെ വംശഹത്യയില്‍ ഇസ്രായേലിനെതിരെ നടപടി വേണമെന്ന് ബൊഗോട്ട ഉച്ചകോടി

Update: 2025-07-17 03:02 GMT

ബൊഗോട്ട: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരെ നടപടി വേണമെന്ന് കൊളംബിയയിലെ ബൊഗോട്ടയില്‍ നടന്ന ഉച്ചകോടി ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങള്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് തടയാന്‍ വേണ്ട നടപടികളും ഉച്ചകോടി ചര്‍ച്ച ചെയ്തു. ബൊളീവിയ, കൊളംബിയ, ക്യൂബ, ഇന്തോനേഷ്യ, ഇറാഖ്, ലിബിയ, മലേഷ്യ, നമീബിയ, നിക്കാരഗ്വ, ഒമാന്‍, സെന്റ് വിന്‍സെന്റ്, ഗ്രനേഡൈന്‍സ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

ദി ഹേഗ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഇവര്‍ ഗ്ലോബല്‍ സൗത്ത് എന്നും അറിയപ്പെടുന്നു. ഉച്ചകോടിക്ക് വെനുസ്വേല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഗസയിലെ വംശഹത്യ 21 മാസം മുമ്പ് തുടങ്ങിയതല്ലെന്നും 1948ല്‍ സയണിസ്റ്റുകള്‍ ഫലസ്തീനികളെ പുറത്താക്കിയത് മുതല്‍ തുടങ്ങിയതാണെന്നും വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോ പ്രസ്താവനയില്‍ പറഞ്ഞു. വംശഹത്യ തടയാന്‍ അന്താരാഷ്ട്ര നിയമത്തെ കൊളോണിയല്‍ ശക്തികളില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.