തെല്‍ അവീവ്: ഗസയിലെ ഉപരോധിക്കപ്പെട്ട ഫലസ്തീനികള്‍ ഭക്ഷണം തേടി വരുകയാണെങ്കില്‍ വെടിവയ്ക്കാന്‍ കമാന്‍ഡര്‍മാര്‍ നിര്‍ദേശിച്ചെന്ന് ഇസ്രായേലി സൈനികര്‍. ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സഹായ കേന്ദ്രങ്ങളെ സമീപിക്കുന്നവര്‍ ആയുധങ്ങള്‍ ഇല്ലാത്തവരാണെങ്കിലും വെടിവയ്ക്കൂ എന്നാണ് കമാന്‍ഡര്‍മാര്‍ നിര്‍ദേശിച്ചത്. ഈ നടപടികള്‍ യുദ്ധത്തിലെ രീതി എന്ന പേരില്‍ നടപ്പാക്കിയെന്നും സൈനികര്‍ ഹാരെറ്റ്‌സിനോട് പറഞ്ഞു.
''യന്ത്രത്തോക്കുകള്‍, സായുധ കവചിത വാഹനങ്ങള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് യുദ്ധ മുഖത്തെന്ന പോലെയാണ് സാധാരണക്കാരെ ആക്രമിച്ചത്. വിശന്നുവലഞ്ഞവരെയാണ് ഞങ്ങള്‍ വെടിവച്ചിരുന്നത്. അവര്‍ ഭക്ഷണം ലഭിക്കുമോ എന്ന് മാത്രമാണ് നോക്കിയിരുന്നത്. പലപ്പോഴും തൊട്ടടുത്ത് നിന്നാണ് വെടിവച്ചത്. അതില്‍ സ്ത്രീകളും പ്രായമായവരുമൊക്കെയുണ്ട്.''-ഒരു സൈനികന്‍ വെളിപ്പെടുത്തി.
'' ടാങ്കുകളിലെ യന്ത്രത്തോക്കും ഗ്രനേഡുകളും ഞങ്ങള്‍ ഉപയോഗിച്ചു. മഞ്ഞില്‍ നടക്കുകയായിരുന്നു ചില സാധാരണക്കാരെ ഞങ്ങള്‍ ആക്രമിച്ചു. ഓരോ ദിവസവും അഞ്ചോളം പേരെ ഇത്തരത്തില്‍ കൊല്ലുന്നുണ്ട്. ഗസ ഒരു കൊല നിലമാണ്.''-മറ്റൊരു സൈനികന്‍ പറഞ്ഞു. ഇസ്രായേലും യുഎസും നടത്തുന്ന സഹായകേന്ദ്രങ്ങള്‍ മരണക്കെണിയായി മാറിയെന്നും ഹാരെറ്റ്‌സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.