''രാമക്ഷേത്ര ട്രസ്റ്റ് രൂപീകരണം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ നിയമം'' ; ഗ്യാനേഷ്‌കുമാര്‍ കേന്ദ്രത്തിന്റെ വിശ്വസ്തന്‍
ന്യൂഡല്‍ഹി: ബാബരിമസ്ജിദ് പൊളിച്ച് നിര്‍മിച്ച രാമക്ഷേത്രം നടത്തുന്ന രാമ ജന്‍മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഗ്യാനേഷ് കുമാര്‍ ഐഎഎസിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത് ചര്‍ച്ചയാവുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നിയമം കൊണ്ടുവരുന്നതില്‍ 2018 മുതല്‍ 2021 വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഗ്യാനേഷ് കുമാര്‍ കേന്ദ്രസഹകരണ വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്താണ് മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ നിയമം കേരളത്തിലെ സഹകരണസ്ഥാപനങ്ങളെ തകര്‍ക്കുമെന്ന് കേരളസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയാണ്. ഈ വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.
പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ എതിര്‍പ്പ് തള്ളിയാണ് ഇന്നലെ രാത്രി ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ തിരഞ്ഞെടുക്കേണ്ട സെലക്ഷന്‍ കമ്മിറ്റിയില്‍നിന്നു സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തിയത്.
