വയോധികനെ വ്യാജ ബലാല്‍സംഗക്കേസില്‍ കുടുക്കിയ സ്ത്രീകളും അഭിഭാഷകനും അറസ്റ്റില്‍; ഇവര്‍ എട്ടു പീഡനകേസുകളിലെ പരാതിക്കാരാണെന്ന് പോലിസ്
ഗുഡ്ഗാവ്: വയോധികനെ വ്യാജ ബലാല്‍സംഗക്കേസില്‍ കുടുക്കിയ രണ്ടു സ്ത്രീകളും അഭിഭാഷകനും അറസ്റ്റില്‍. ഹരിയാനയിലെ രോഹ്താക് സ്വദേശിനിയായ കാഞ്ചന്‍(24), ഡല്‍ഹി സ്വദേശിനി ആശ (47), ഭിവാനി സ്വദേശിയും അഭിഭാഷകനുമായ കുല്‍ദീപ്(40) എന്നിവരാണ് അറസ്റ്റിലായത്. കേസ് ഒഴിവാക്കാന്‍ വയോധികനില്‍ നിന്നും പത്തുലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നതെന്ന് പോലിസ് അറിയിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ ഏഴ് പോലിസ് സ്‌റ്റേഷനുകളിലായി എട്ടുപേരെ വ്യാജ പീഡന കേസില്‍ കുടുക്കിയെന്നും പോലിസ് കണ്ടെത്തി.
ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡല്‍ഹിയിലെ നാരി നികേതന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ ആശ വയോധികന്റെ ഫോണിലേക്ക് മിസ്ഡ് കോള്‍ അടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലിസ് അറിയിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ മധ്യവയസ്‌കന്‍ തിരിച്ചുവിളിച്ചു. ഈ സംഭാഷണത്തില്‍ ആശ വയോധികന്റെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചു.
അതിന് ശേഷം സുഹൃത്തായ കാഞ്ചനുമൊത്ത് ആശ വയോധികന്റെ വീട്ടിലെത്തി. സംസാരിച്ചിരിക്കെ ആശ വയോധികനെ കെട്ടിപിടിച്ചു. പീഡിപ്പിച്ചതിന്റെ തെളിവ് വസ്ത്രത്തില്‍ ആയിട്ടുണ്ടെന്ന് പറഞ്ഞാണ് ഇരുവരും തിരികെ പോയത്. കേസ് കൊടുക്കാതിരിക്കാന്‍ പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി കോളുകള്‍ വന്നുതുടങ്ങി. പണം നല്‍കാത്തതിനെ തുടര്‍ന്ന് പോലിസില്‍ കേസും കൊടുത്തു. പീഡനം നടന്നതിന്റെ ശാസ്ത്രീയ തെളിവായി വസ്ത്രവും ഹാജരാക്കി. ശാസ്ത്രീയ തെളിവുകളുമായി പോലിസ് മുന്നോട്ടുപോയതോടെ വയോധികന്റെ മകള്‍ വെസ്റ്റ് ഡിസിപി കരണ്‍ ഗോയലിന് പരാതി നല്‍കി. സാമൂഹിക പ്രവര്‍ത്തകയായ ദീപിക നാരായണ്‍ ഭരദ്വാജും കുടുംബത്തിനൊപ്പം നിന്നു. ഈ പരാതിയിലെ അന്വേഷണമാണ് വ്യാജ ബലാല്‍സംഗ പരാതിക്കാരെ കണ്ടെത്താന്‍ കാരണമായത്. ആശയേയും കാഞ്ചനെയും ഗുഡ്ഗാവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കുല്‍ദീപിനെ ഒളിത്താവളത്തില്‍ നിന്നും പിടികൂടി. ആശയുടെ അമ്മയും അമ്മാവനും ഈ സംഘത്തിന്റെ ഭാഗമാണെന്ന് പോലിസ് അറിയിച്ചു. അവര്‍ക്കെതിരെയും നിയനടപടികളുണ്ടാവും.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരക്കാരുണ്ടെന്നും ദുര്‍ബലനായ പുരുഷനെ കണ്ടെത്തിയാണ് അവര്‍ കേസുകളില്‍ കുടുക്കുന്നതെന്നും ദീപിക നാരായണ്‍ ഭരദ്വാജ് പറഞ്ഞു. '' മിക്ക പുരുഷന്‍മാരും നാണക്കേട് മൂലം പണം നല്‍കുകയോ ജയിലില്‍ പോവുകയോ ചെയ്യും. പക്ഷേ, ഈ സംഭവത്തില്‍ കുടുംബം വയോധികന്റെ കൂടെ നിന്നു. അതിനാലാണ് വ്യാജ പീഡനപരാതിക്കാരെ പിടികൂടാന്‍ സാധിച്ചത്. അഭിഭാഷകന്റെ പങ്കുതെളിഞ്ഞത് ശക്തമായ നടപടിയാണ്.''-അവര്‍ പറഞ്ഞു. നിരവധി പുരുഷന്‍മാരെ വ്യാജ പീഡനക്കേസുകളില്‍ കുടുക്കിയ അഭിഭാഷകനെയും ഒരു സ്ത്രീയേയും നേരത്തെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഭിഭാഷകനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.

