ഗോവധ നിരോധനം:കന്നുകാലികളെ തെരുവിലേക്ക് അഴിച്ചുവിട്ട് കര്‍ഷകര്‍; പൊതുവഴികളിലെ കന്നുകാലി ശല്യം ഒഴിവാക്കാന്‍ നിയമം പാസാക്കി ഗുജറാത്ത്

അനുവാദം ഇല്ലാതെ കന്നുകാലികളെ പട്ടണങ്ങളില്‍ അഴിച്ചുവിടുന്നത് പുതിയ നിയമ പ്രകാരം ഒരു വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്

Update: 2022-04-02 07:40 GMT

ഗാന്ധിനഗര്‍:ഗുജറാത്ത് നഗരങ്ങളിലെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ നിയന്ത്രിക്കാന്‍ നിയമം പാസാക്കി ഗുജറാത്ത് നിയമസഭ.ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗുജറാത്ത് നിയമസഭ പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.അനുവാദം ഇല്ലാതെ കന്നുകാലികളെ പട്ടണങ്ങളില്‍ അഴിച്ചുവിടുന്നത് പുതിയ നിയമ പ്രകാരം ഒരു വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.ഗോവധം ജീവപര്യന്തം തടവിനുള്ള കുറ്റമായി നേരത്തെ ഗുജറാത്തില്‍ നിയമമുണ്ട്.

സംസ്ഥാനത്തെ എട്ടു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 126 മുനിസിപ്പാലിറ്റികളിലും നിയമം ബാധകമാണ്. ഇവിടങ്ങളില്‍ കന്നുകാലികള്‍ വളര്‍ത്തുന്നവര്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. ഇത് പ്രകാരം ഉള്ള തിരിച്ചറിയല്‍ കാര്‍ഡ് ഒരോ കന്നുകാലിയുടെയും കഴുത്തില്‍ ഇടണം.ലൈസന്‍സില്ലാത്ത കാലികളെ കണ്ടുകെട്ടും. ഉടമയ്ക്ക് ഒരുവര്‍ഷംവരെ തടവും 50,000 രൂപ പിഴയും കിട്ടും. ലൈസന്‍സുള്ള കാലികളെ അഴിച്ചുവിട്ടാല്‍ 5000 രൂപ ആദ്യതവണയും 10,000 രൂപ രണ്ടാംതവണയും പിഴ വിധിക്കും.

കാലികളെ പിടികൂടുന്ന നഗരസഭാജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയാല്‍ അത് ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണ്. കാലിനിയന്ത്രിതമേഖലകള്‍ പ്രഖ്യാപിക്കാന്‍ നഗരസഭകള്‍ക്ക് അധികാരമുണ്ട്. പശു, കാള, എരുമ, പോത്ത്, ആട്, കഴുത എന്നിവയൊക്കെ ഈ നിയമത്തിന്റെ കീഴില്‍പ്പെടും.

ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ രഘു ദേശായിയും ലഖ ഭര്‍വാദും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.'സംസ്ഥാനത്ത് 50 ലക്ഷം കന്നുകാലികളെ വളര്‍ത്തുന്നവരുണ്ട്, അവരില്‍ 70 ശതമാനവും ദരിദ്രരും നിരക്ഷരരുമാണ്. കന്നുകാലികളെ പരിപാലിക്കുന്നത് ഞങ്ങളുടെ മൗലികാവകാശമാണ്, ഈ ബില്‍ അതിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്,സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും,' ദേശായി പറഞ്ഞു.

അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാന്‍ മാത്രമുള്ളതാണ് ബില്ലെന്നും നിയമം അനുസരിച്ച് കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും ബിജെപി സര്‍ക്കാര്‍ പറഞ്ഞു.

ഗോക്കളെ കൊന്നാല്‍ ജീവപര്യന്തം തടവാണ് ഗുജറാത്തിലെ ശിക്ഷ. അതുകൊണ്ട് തന്നെ പശുക്കളെ കൊല്ലാന്‍ ആരും ധൈര്യം കാണിക്കാറില്ല. തന്മൂലം ഗുജറാത്തിലെ തെരുവുകളില്‍ അലത്തു തിരിഞ്ഞു നടക്കുന്ന പശുക്കളുടെ എണ്ണം കൂടി വരികയും അപകട മരണങ്ങള്‍ പതിവാകുകയും ചെയ്തിരുന്നു. നാട്ടുകാര്‍ പശുക്കളെ റോഡിലേക്ക് അഴിച്ചു വിടാന്‍ തുടങ്ങിയതോടെ നഗരങ്ങളില്‍ പോലും ഗതാഗത തടസ്സവും സുരക്ഷാ പ്രശ്‌നവും രൂക്ഷമായി. അതോടെ വിഷയം പരാതിയായി ഹൈക്കോടതിയിലുമെത്തിയിരുന്നു.കന്നുകാലികള്‍ റോഡുകളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരുന്നത്.

2017 ലാണ് ഗുജറാത്തില്‍ ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ ഉറപ്പാക്കുന്ന നിയമം പാസാക്കിയത്. എന്നാല്‍ എരുമകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുകയുമില്ല.പശുക്കളെ സംരക്ഷിക്കാന്‍ നിയമം വന്നതോടെ നാട്ടുകാര്‍ ഇവയെ അഴിച്ചു വിടാന്‍ തുടങ്ങി. പോറ്റാന്‍ മടിയുള്ള വരാണ് അഴിച്ചു വിടുന്നവരില്‍ ഏറെയും.അതോടെ അപകടങ്ങളും,മരണങ്ങളും വര്‍ധിച്ചു വന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഭക്ഷിച്ച് രോഗം ബാധിച്ച് കാലികള്‍ റോഡില്‍ ചത്തുവീഴാനും തുടങ്ങി.ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരുന്നത്.








Tags:    

Similar News