മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം 101 ആയി. ഇതില്‍ 68 പേര്‍ പുരുഷന്‍മാരും 33 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 16 പേര്‍ വെന്റിലേറ്ററിലാണുള്ളത്. പൂനെയില്‍ നിന്ന് രോഗം ബാധിച്ച് ഷോലാപ്പൂരില്‍ ചികില്‍സയിലിരുന്ന ഒരാള്‍ മരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പൂനെയില്‍ കണ്ടു തുടങ്ങിയ രോഗം ഇപ്പോള്‍ മറ്റു ജില്ലകളിലും പടരുന്നുണ്ട്.
അപൂര്‍വ്വരോഗമാണെങ്കിലും ജിബിഎസിന് ചികില്‍സയുണ്ട്. പക്ഷേ, ചികില്‍സക്ക് വലിയ ചെലവുണ്ട്. രോഗികള്‍ക്ക് നല്‍കുന്ന ഒരു ഇമ്മ്യൂണോ ഗ്ലോബുലിന്‍ (ഐവിഐജി)ഇഞ്ചക്ഷനു മാത്രം 20,000 രൂപ ചെലവു വരും. പൂനെയിലെ ഒരു രോഗിക്ക് മാത്രം 13 ഇഞ്ചക്ഷന്‍ നല്‍കേണ്ടി വന്നു.
രോഗകാരണം കണ്ടെത്താനായി ഇതുവരെ 25,578 വീടുകളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ബാധിച്ചാല്‍ ഈ രോഗം വരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്വന്തം നാഡികളെയും ആക്രമിക്കും.
നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക.
