ഗില്ലന്‍ബാരി രോഗം ബാധിച്ച് വയോധികന്‍ മരിച്ചു; വാഴക്കുളത്താണ് സംഭവം

Update: 2025-02-25 03:54 GMT

മൂവാറ്റുപുഴ: അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് വയോധികന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ജിബിഎസ് മരണം ആണ് ഇതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ ഈ രോഗം ബാധിച്ച് പതിനൊന്ന് പേര്‍ മരിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലും മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതുവരെ 183 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍, അസം, തെലങ്കാന, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപൂര്‍വ്വരോഗമാണെങ്കിലും ജിബിഎസിന് ചികില്‍സയുണ്ട്. പക്ഷേ, ചികില്‍സക്ക് വലിയ ചെലവുണ്ട്. രോഗികള്‍ക്ക് നല്‍കുന്ന ഒരു ഇമ്മ്യൂണോ ഗ്ലോബുലിന്‍ (ഐവിഐജി)ഇഞ്ചക്ഷനു മാത്രം 20,000 രൂപ ചെലവു വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയിലെ റിപോര്‍ട്ട് പറയുന്നത്. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ബാധിച്ചാല്‍ ഈ രോഗം വരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്വന്തം നാഡികളെയും ആക്രമിക്കും. നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക.