കൊല്‍ക്കത്ത: മഹാരാഷ്ട്രക്ക് പിന്നാലെ പശ്ചിമബംഗാളിലും അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) സ്ഥിരീകരിച്ചു. പത്തുവയസിന് താഴെയുള്ള രണ്ടു കുട്ടികളില്‍ ജിബിഎസ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ടു കുട്ടികളും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ (ഐസിഎച്ച്) ചികില്‍സയിലാണ്. ഒരു കുട്ടിയുടെ സ്ഥിതി ഗുരുതരമാണെന്ന് ഐസിഎച്ചിലെ ഡോ. പ്രഭാഷ് ഗിരി പറഞ്ഞു. വയറ്റിലെ അണുബാധയില്‍ നിന്ന് ഈ രോഗം ഉണ്ടാവാമെന്ന് മറ്റൊരു ഡോക്ടര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലും ഷോലാപ്പൂരിലുമായി നൂറിലധികം പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
അപൂര്‍വ്വരോഗമാണെങ്കിലും ജിബിഎസിന് ചികില്‍സയുണ്ട്. പക്ഷേ, ചികില്‍സക്ക് വലിയ ചെലവുണ്ട്. രോഗികള്‍ക്ക് നല്‍കുന്ന ഒരു ഇമ്മ്യൂണോ ഗ്ലോബുലിന്‍ (ഐവിഐജി)ഇഞ്ചക്ഷനു മാത്രം 20,000 രൂപ ചെലവു വരും. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ബാധിച്ചാല്‍ ഈ രോഗം വരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്വന്തം നാഡികളെയും ആക്രമിക്കും.
നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക.
