ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം മനോരഞ്ജന്‍ ഖാലിയയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം(VIDEO)

Update: 2025-04-08 02:21 GMT

ജലന്ധര്‍(പഞ്ചാബ്): പഞ്ചാബ് മുന്‍ മന്ത്രിയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗവുമായ മനോരഞ്ജന്‍ ഖാലിയയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നതെന്ന് പോലിസ് പറഞ്ഞു. ഗ്രനേഡ് ഗെയിറ്റിന് സമീപമാണ് വീണു പൊട്ടിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാറിനും ബെക്കിനും കേടുപാടുകള്‍ സംഭവിച്ചു. ഇ-റിക്ഷയില്‍ എത്തിയ ആളാണ് ഗ്രനേഡ് എറിഞ്ഞതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നത്.കഴിഞ്ഞ ഏതാനും കാലങ്ങളായി പഞ്ചാബില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. 2016 മുതല്‍ പത്തോളം ബിജെപി, ആര്‍എസ്എസ്, ശിവസേന നേതാക്കളെ ചിലര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഖാലിസ്താന്‍ വാദികളാണ് കൊലകള്‍ക്ക് പിന്നിലെന്നാണ് പോലിസ് പറയുന്നത്.

2016 ജനുവരിയില്‍ ലുധിയാനയിലെ ആര്‍എസ്എസ് ശാഖയ്ക്ക് നേരെ ചിലര്‍ വെടിവയ്പ്പ് നടത്തിയിരുന്നു. ഫെബ്രുവരിയില്‍ ശിവസേന നേതാവ് അമിത് അരോരയെ വെടിവച്ചു കൊന്നു. ശിവസേനയുടെ തൊഴിലാളി വിഭാഗത്തിന്റെ നേതാവായ ദുര്‍ഗ പ്രസാദ് ഗുപ്തയെ 2016 ഏപ്രിലില്‍ ആണ് വെടിവച്ചു കൊന്നത്. 2016 ആഗസ്റ്റില്‍ ആര്‍എസ്എസ് സംസ്ഥാന നേതാവ് ബ്രിഗേഡിയര്‍ ജഗദീഷ് ഗഗ്നേജയും വെടിയേറ്റു കൊല്ലപ്പെട്ടു. ഹിന്ദു തഖ്ത് എന്ന സംഘടനയുടെ നേതാവായ അമിത് ശര്‍മ 2017 ജനുവരിയിലും ആര്‍എസ്എസ്-ബിജെപി നേതാവായ രവീന്ദര്‍ ഗോസായ് 2017 ഒക്ടോബറിലും ഹിന്ദു സംഘര്‍ഷ് സേന നേതാവ് ഒക്ടോബര്‍ 30നും കൊല്ലപ്പെട്ടു.