കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല: ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്ന്

Update: 2025-01-20 01:13 GMT

തിരുവനന്തപുരം: പാറശാലയില്‍ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയെന്ന കേസിലെ ശിക്ഷാവിധി ഇന്ന്. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധിയില്‍ കോടതി വാദം കേട്ടു. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പോലിസിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. നിര്‍മല കുമാരന്‍ നായര്‍ക്കെതിരെ തെളിവു നശിപ്പിച്ചു എന്ന കുറ്റവും തെളിഞ്ഞു.

ഗ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടത്. സ്‌നേഹത്തെയാണ് ഗ്രീഷ്മ ഇല്ലാതെയാക്കിയതെന്നും അവര്‍ക്ക് ചെകുത്താന്റെ മനസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരോണിനെ പ്രതി വകവരുത്തിയത്. ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദമുയര്‍ത്തി. കേസിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കേസായി കണ്ട് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ച് പരമാവധി ശിക്ഷ കുറക്കണമെന്നാണ് പ്രതിഭാഗം വക്കീല്‍ വാദിച്ചത്.