ആര്‍എസ്എസ് നേതാവിന്റെ മകനെ വെടിവച്ചു കൊന്നു

Update: 2025-11-16 13:00 GMT

ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂറില്‍ ആര്‍എസ്എസ് നേതാവിന്റെ മകന്റെ വെടിവച്ചു കൊന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ ബല്‍ദേവ് രാജ് അരോരയുടെ മകന്‍ നവീന്‍ അരോരയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ശനിയാഴ്ച വൈകീട്ട് നവീനെ വെടിവച്ചത്. ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഫിറോസ്പൂര്‍ എസ്എസ്പി ഭൂപീന്ദര്‍ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ടയാളും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ബൈക്കിലെത്തിയ സംഘം തൊട്ടടുത്ത് നിന്നാണ് അരോരയെ വെടിവച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂക്ഷ്മ നിരീക്ഷണത്തിന് ശേഷമാണ് അരോരക്കെതിരെ ആക്രമണം നടന്നതെന്ന് പോലിസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ മുത്തച്ചന്‍ വരെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു.

ഖാലിസ്ഥാന്‍ പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ആര്‍എസ്എസുകാര്‍ക്കെതിരെ പഞ്ചാബില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 1989ല്‍ നെഹ്‌റുപാര്‍ക്കില്‍ നടന്ന ആര്‍എസ്എസ് ശാഖയില്‍ നടത്തിയ ആക്രമണത്തില്‍ 27 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. 2009ല്‍ ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രുല്‍ദ സിംഗ് കൊല്ലപ്പെട്ടു. 2016ല്‍ മുതിര്‍ന്ന നേതാവ് ജഗദീഷ് ഗഗ്നേജയും ആക്രമിക്കപ്പെട്ടു. 2016 മുതല്‍ 2017 വരെ നിരവധി ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ആക്രമിക്കപ്പെട്ടു. 2016 ജനുവരി 18ന് ലുധിയാനയിലെ കിദ് വായ് നഗര്‍ പാര്‍ക്കില്‍ ആര്‍എസ്എസ് ശാഖയിലേക്ക് വെടിവയ്പുണ്ടായി. അന്ന് തന്നെ ആര്‍എസ്എസ് നേതാവ് നരേഷ് കുമാറിന് വെടിയേറ്റു. 2016 ഫെബ്രുവരി മൂന്നിന് ശിവസേന നേതാവ് അമിത് അരോരക്ക് നേരെയും വെടിവയ്്പുണ്ടായി. പിന്നീട് 2016 ഏപ്രില്‍ മൂന്നിന് ചാന്ദ് കൗര്‍ എന്ന ഹിന്ദുത്വ സംഘടനാ നേതാവ് കൊല്ലപ്പെട്ടു. ഏപ്രില്‍ 23ന് ദുര്‍ഗാ പ്രസാദ് ഗുപ്തയും വെടിയേറ്റ് കൊല്ലപ്പെട്ടു. 2016 ആഗസ്റ്റ് ആറിന് ആര്‍എസ്എസ് സംസ്ഥാന ഭാരവാഹി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ജഗദീഷ് കൊല്ലപ്പെട്ടു. 2017 ജനുവരി പതിനാലിന് കോണ്‍ഗ്രസ് നേതാവും ഹിന്ദു തഖ്ത് നേതാവുമായ അമിത് ശര്‍മയും കൊല്ലപ്പെട്ടു. 2017 ഒക്ടോബര്‍ പതിനേഴിന് ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായ് കൊല്ലപ്പെട്ടു. 2017 ഒക്ടോബര്‍ 30ന് ഹിന്ദു സംഘര്‍ഷ് സേന നേതാവ് വിപന്‍ ശര്‍മയെയും മുഖംമൂടി ധാരികളായ രണ്ടുപേര്‍ കൊലപ്പെടുത്തി. പിന്നീട് ശിവസേന നേതാവ് സുധൂര്‍ സോറിയെ സണ്ണി സിംഗ് എന്ന യുവാവ് അമൃത്സറില്‍ വച്ച് വെടിവച്ചു കൊന്നു. സണ്ണി സിംഗിന്റെ സഹോദരന്‍ തരാന്‍ തരാന്‍ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് 19000ത്തില്‍ അധികം വോട്ടുകള്‍ നേടി. അകാലി ദള്‍ (വാരിസ് ഡി പഞ്ചാബ്) പാര്‍ട്ടിക്ക് വേണ്ടിയാണ് അദ്ദേഹം മല്‍സരിച്ചത്. പാര്‍ട്ടി നേതാവും ഖാദൂര്‍ സാഹിബ് എംപിയുമായ അമൃത്പാല്‍ സിംഗ് എന്‍എസ്എ പ്രകാരം അസമിലെ ജയിലില്‍ തടവിലാണ്.