തൊഴിലുറപ്പ് പദ്ധതിക്ക് പകരം 'വിബിജി റാം ജി' പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎന്‍ആര്‍ഇജിഎ) പകരമായി പുതിയ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരാനുള്ള ബില്ല് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വിബിജി റാം ജി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്ന ബില്ല് രാഷ്ട്രീയ വിവാദങ്ങള്‍ വഴി തുറന്നിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് പുതിയ ബില്ല് അവതരിപ്പിച്ചത്.
2005ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുന്നു. പുതിയ ബില്ല് 100 ദിവസത്തെ തൊഴില്‍ എന്നത് 125 ദിവസമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു. ജോലി പൂര്‍ത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. സമയപരിധിക്കുള്ളില്‍ വേതനം നല്‍കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സുതാര്യത ഉറപ്പാക്കാന്‍ ബയോമെട്രിക്‌സ്, ജിയോടാഗിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തും. വിവിധ തലങ്ങളില്‍ പരാതി പരിഹാരത്തിനും വ്യവസ്ഥയുണ്ട്.
എംജിഎന്‍ആര്‍ഇജിഎ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായിരുന്നു. ഇതില്‍ നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ വേതനത്തിന്റെ 100 ശതമാനവും കേന്ദ്രമാണ് വഹിച്ചിരുന്നത്. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനും സാധനങ്ങള്‍ ക്രമീകരിക്കുന്നതിനും വരുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ബില്‍ പ്രകാരം വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 100 ശതമാനവും കേന്ദ്രം വഹിക്കും. വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 10 ശതമാനം നല്‍കിയാല്‍ മതിയാകും. ബാക്കി 90 ശതമാനവും കേന്ദ്രം വഹിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിന് പിന്നിലെ ഉദ്ദേശ്യത്തെ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തു.
