മുനമ്പം കമ്മീഷന് ജുഡീഷ്യല്‍ അധികാരങ്ങളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരങ്ങളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള അധികാരം കമ്മീഷനില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പറയുന്നു. മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ സംബന്ധിച്ച് വിധി പറയാന്‍ കമ്മീഷന് അധികാരമില്ല. അത് ഒരു വസ്തുതാന്വേഷണ കമ്മീഷനാണ്. കമ്മീഷന്‍ നല്‍കുന്ന റിപോര്‍ട്ടില്‍ സംസ്ഥാനസര്‍ക്കാരാണ് തീരുമാനമെടുക്കുക. കമ്മീഷനോട് പഠിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ പഠിക്കുക മാത്രമാണ് ചെയ്യുന്നത്. കമ്മീഷന്‍ രൂപീകരണത്തില്‍ മുന്‍വിധികളൊന്നുമില്ലെന്നും ഹരജിക്കാരായ കേരള വഖ്ഫ് സംരക്ഷണ സമിതിക്കും മറ്റും ദോഷമുണ്ടാവില്ലെന്നും സത്യവാങ്മൂലം വിശദീകരിച്ചു.
മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട കമ്മീഷന്‍ രൂപീകരണത്തെ ചോദ്യം ചെയ്ത് കേരള വഖ്ഫ് സംരക്ഷണ സമിതി നല്‍കിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കമ്മീഷന്റെ അധികാരപരിധി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.