ലീവ് ലഭിക്കാത്തതിന് സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച് ബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാരന്‍ (വീഡിയോ)

Update: 2025-02-07 07:20 GMT

കൊല്‍ക്കത്ത: ലീവ് കിട്ടാത്തതിന്റെ പേരില്‍ ബംഗാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നാലു സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ മേഖലയിലെ കാരിഗാരി ഭവനിലുള്ള ടെക്‌നിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ അമിത് കുമാര്‍ സര്‍ക്കാരാണു സഹപ്രവര്‍ത്തകരെ കുത്തിയത്. ജയദേബ് ചക്രബര്‍ത്തി, ശന്തനു സാഹ, സര്‍ത്ത ലേറ്റ്, ഷെയ്ഖ് സിത്താബുല്‍ എന്നിവര്‍ക്കാണു കുത്തേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുപേരുടെ നില ഗുരുതരമാണ്. കുത്തിയശേഷം ആ കത്തിയുമായി അമിത് കുമാര്‍ സര്‍ക്കാര്‍ നഗരത്തിലൂടെ കറങ്ങിനടന്നു. ഇന്നലെയാണ് സംഭവം. നോര്‍ത്ത് 24 പര്‍ഗന്‍സാസ് ജില്ലയിലെ സോഡെപുരിലുള്ള ഘോല സ്വദേശിയാണ് അമിത് കുമാറെന്ന് പോലിസ് അറിയിച്ചു. നഗരത്തിലൂടെ കത്തിയുമായി നടക്കുന്നതു കണ്ട ട്രാഫിക് പോലിസ് സ്ഥലത്തെത്തി ഇയാളോടു കത്തി താഴെയിടാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കത്തി താഴെയിട്ട സര്‍ക്കാരിനെ പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.