സൂംബ വിമര്‍ശനം: വിസ്ഡം നേതാവായ അധ്യാപകന്‍ ടി കെ അശ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

Update: 2025-07-02 05:47 GMT

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടത്തുന്നതിനെ വിമര്‍ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അശ്റഫിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സൂംബയെ പൊതു വിദ്യാലയങ്ങളില്‍ കൊണ്ടുവരുന്നത് ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന വലിയൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് അകറ്റാന്‍ ഇടയാക്കുമെന്നാണ് ടി കെ അഷറഫ് വാദിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സ്‌കൂളിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സമൂഹത്തെ നേര്‍വഴി നടത്താന്‍ നിയോഗിതരായ പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവൂയെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യധാരയിലുള്ള ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍, ജനാധിപത്യപരമായി ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ തന്നെ, മന്ത്രിയടക്കമുള്ളവരില്‍ നിന്നുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തിയുള്ള വേട്ടയാടലുകളും നാം കണ്ടതാണ്. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതും, പൊതുവിദ്യാലയങ്ങളെ ഗ്രസിക്കുന്നതുമായ ഈ സാംസ്‌കാരിക ഫാസിസത്തിനെതിരെ ജാതി-മത-ഭേദമന്യേ ശബ്ദിച്ചില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത് അടുത്ത തലമുറക്ക് വേണ്ടിയുള്ള പോരാട്ടമാണ്. നമ്മുടെ നാടിന്റെ ധാര്‍മിക സംസ്‌കാരവും മൂല്യബോധവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്നുനിന്ന് ഈ ആശയ പോരാട്ടത്തില്‍ വിജയം വരിക്കുന്നത് വരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മുന്നോട്ട് പോകും. നന്മയുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണ വേണമെന്നും പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി അഭ്യര്‍ത്ഥിച്ചു.