തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ അതിജീവിത മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി കൈമാറിയ സംഭവത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സര്‍ക്കാറിന് ഇനി നിലപാട് എടുക്കാമെന്നും രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നടപടികള്‍ നോക്കി ബാക്കി കാര്യങ്ങള്‍ ചെയ്യും. ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിട്ടും എംഎല്‍എസ്ഥാനം രാജിവെക്കാത്തവര്‍ നിയമസഭയിലുണ്ട്. കൂടുതല്‍ കടുത്ത നടപടി ഉണ്ടായാല്‍ അതനുസരിച്ച് പാര്‍ട്ടി തീരുമാനമെടുക്കും, മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പരാമാധികാരി കെപിസിസി പ്രസിഡന്റാണ്. പ്രസിഡന്റ് പറഞ്ഞുകഴിഞ്ഞു. ഞങ്ങളൊക്കെ ആ നിലപാട് അന്നും ഇന്നും ആവര്‍ത്തിക്കുകയാണ്. പുറത്താക്കിയ അന്നുമുതല്‍ രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്വവുമില്ല. പക്ഷേ, ഇനി കൂടുതല്‍ നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് നിലപാട് പാര്‍ട്ടിക്ക് എടുക്കേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.