കണ്ണൂര്‍: തൃശൂരില്‍ ട്രെയ്ന്‍ യാത്രക്കാരിയെ ബലാല്‍സംഗം ചെയ്ത കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയമിച്ചതായി പോലിസ് അറിയിച്ചു.
ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. ജയില്‍ അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. ജയില്‍ വളപ്പിനുള്ളില്‍ ഇയാള്‍ ഇല്ല എന്ന് അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്.വൈകുന്നേരം 5 മണിയോടെയാണ് ജയില്‍ അധികൃതര്‍ പ്രതികളെ അകത്ത് കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. അതീവസുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് രാവിലെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന.ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
2011 ഫെബ്രവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി പീഡനത്തിന് ഇരയായത്. ഫെബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന് നടന്ന വിചാരണയില്‍ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. ഹൈക്കോടതി ശിക്ഷ ശരിവച്ചെങ്കിലും സുപ്രിംകോടതി ശിക്ഷ ജീവപര്യന്തമാക്കി. പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ട്രെയ്‌നില്‍ നിന്നും തള്ളിയിട്ടെന്ന് മൊഴി നല്‍കിയ സാക്ഷിയെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ജീവപര്യന്തമാക്കിയത്. പെണ്‍കുട്ടിയെ തള്ളിയിട്ടതാണോ വീണതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചത്. അതേസമയം, ബലാല്‍സംഗം നടന്നെന്നും അത് ചെയ്തത് ഗോവിന്ദച്ചാമിയാണെന്ന് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
