ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; സെല്ല് പരിശോധിച്ചത് മതിലിനരികെ തുണി കണ്ടപ്പോള്‍

Update: 2025-07-25 04:08 GMT

കണ്ണൂര്‍: ബലാല്‍സംഗ-കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് പുലര്‍ച്ചെ ഒരു മണിക്കുശേഷമാണെങ്കിലും ജയില്‍ അധികൃതര്‍ വിവരമറിഞ്ഞത് ആറ് മണിക്കൂറിന് ശേഷം. മതിലിനരികില്‍ തുണി കണ്ടപ്പോഴാണ് ജയില്‍ചാട്ടം നടന്നതായി കണ്ടെത്തിയത്. ജയിലിലെ ട്രെയിനിങ് ഉദ്യോഗസ്ഥരാണ് തുണി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെല്ലില്‍ ഗോവിന്ദച്ചാമിയില്ലെന്ന് മനസിലായത്. അര്‍ധരാത്രി 1.10നാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം.

അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ചത് കരുതുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ചാടിക്കടക്കാനായി ഇയാള്‍ തുണി കൂട്ടിക്കെട്ടി ഫെന്‍സിങ്ങില്‍ കൊളുത്തി അതില്‍ കയറുകയായിരുന്നു. ഫെന്‍സിങ്ങില്‍ വൈദ്യുതി പ്രവാഹമുണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു. ജയില്‍വളപ്പിലുണ്ടായിരുന്ന വീപ്പകള്‍ ഇതിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്. ഏകദേശം ഏഴര മീറ്റര്‍ ഉയരമുള്ള മതിലാണ് ഒരു കൈ മാത്രമുള്ള പ്രതി ചാടിക്കടന്നത്.

ജയില്‍ചാട്ടം ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്ന് ജയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവിച്ചത്. ജയില്‍ മേധാവി കണ്ണൂരിലെത്തിയിട്ടുണ്ട്. ഡിജിപിയുടെ സന്ദര്‍ശനം പ്രമാണിച്ച് ജയിലിലെ ജീവനക്കാരുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞിരിക്കാമെന്നും ആ അവസരം ഗോവിന്ദച്ചാമി മുതലെടുത്തതാകാമെന്നും കരുതുന്നു.

ഗോവിന്ദച്ചാമിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഡിഐജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലേക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഗോവിന്ദച്ചാമി തമിഴ്‌നാട് സ്വദേശിയായതിനാല്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കൂടാതെ, ആന്ധ്രപ്രദേശിലും മുംബൈയിലും ഇയാള്‍ക്ക് ബന്ധങ്ങളുണ്ടായിരുന്നു.