വഖ്ഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യാനുള്ള പുതിയ പോര്‍ട്ടല്‍ ജൂണ്‍ ആറിന്; രജിസ്റ്റര്‍ ചെയ്യാത്തവയെ തര്‍ക്കമുള്ളവയായി കണക്കാക്കും
ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പുതിയ വെബ് പോര്‍ട്ടല്‍ ജൂണ്‍ ആറിന് കേന്ദ്രസര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍. യുണിഫൈഡ് വഖ്ഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ആന്‍ഡ് ഡെവലപ്പ്‌മെന്റ് (ഉമീദ്) എന്ന പേരിലായിരിക്കും ഈ പോര്‍ട്ടല്‍. വെബ് പോര്‍ട്ടല്‍ തുടങ്ങി ആറു മാസത്തിനകം വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ സ്വത്തിന്റെയും വിശദമായ വിവരങ്ങള്‍, അവയുടെ നീളം, വീതി, ജിയോ ലൊക്കേഷന്‍ തുടങ്ങിയവ രജിസ്‌ട്രേഷന് നിര്‍ബന്ധമായിരിക്കും. സ്ത്രീകളുടെ പേരിലുള്ള സ്വത്തുക്കള്‍ വഖ്ഫായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. വഖ്ഫിന്റെ പ്രാഥമിക ഗുണഭോക്താക്കളായി സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിലെ സാമ്പത്തികമായി ദുര്‍ബലരായവരെയുമാണ് കണക്കാക്കിയിരിക്കുന്നത്.
ഉമീദിലെ രജിസ്‌ട്രേഷന്‍ വഖ്ഫ് ബോര്‍ഡുകളുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കുക. സാങ്കേതിക കാരണങ്ങളാലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒന്നോ രണ്ടോ മാസം നീട്ടി നല്‍കും. അതിനും ശേഷം രജിസ്റ്റര്‍ ചെയ്യാത്ത സ്വത്തുക്കളെ തര്‍ക്കമുള്ള സ്വത്തുക്കളാക്കി കണക്കാക്കി വഖ്ഫ് ട്രൈബ്യൂണലിന്റെ പരിഗണനക്ക് വിടുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.
രജിസ്റ്റര്‍ ചെയ്യാത്ത വഖ്ഫ് സ്വത്തുക്കള്‍ പുതുതായി രൂപീകരിക്കുന്ന പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുണ്ടായിരുന്നു. ഉപയോഗം വഴി വഖ്ഫായതും എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്തതുമായ സ്വത്തുക്കളും ഒഴിവാക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തത്. നിലവിലെ വഖ്ഫ് അസറ്റ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുകളും പുതിയ പോര്‍ട്ടലില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. മുതവല്ലിയാണ് ഇവ രജിസ്റ്റര്‍ ചെയ്യേണ്ടത്. വഖ്ഫ് ബോര്‍ഡ് അധികൃതര്‍ ഇത് പരിശോധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിന് അംഗീകാരം നല്‍കണം. രജിസ്റ്റര്‍ ചെയ്യാത്ത വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. രാജ്യത്ത് ഏകദേശം 8.7 ലക്ഷം രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടെന്നാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കണക്ക്. ഉപയോഗം വഴി വഖ്ഫായ 4.2 ലക്ഷം സ്വത്തുക്കളും ഉണ്ട്. ഇവയെല്ലാം 39 ലക്ഷം ഏക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.
