പട്ടൗഡി കുടുംബത്തിന്റെ 15,000 കോടിയുടെ സ്വത്ത്; സെയ്ഫ് അലി ഖാന്റെ ഹരജി ഹൈക്കോടതി തള്ളി

Update: 2025-01-22 01:41 GMT

ഭോപാല്‍: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ നല്‍കിയ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഇന്ത്യയിലെ നവാബ് കുടുംബമായ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന, ഭോപാലിലെ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്ന ചരിത്രപ്രാധാന്യമുള്ള 15,000 കോടി രൂപ വിലവരുന്ന സ്വത്തുവകകളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

സെയ്ഫ് അലി ഖാന്‍ കുട്ടിക്കാലം ചെലവഴിച്ച ഫഌഗ് സ്റ്റാഫ് ഹൗസ്, നൂര്‍ ഉസ് സബാഹ് കൊട്ടാരം, ദാറുസലാം, ഹബീബി ബംഗ്ലാവ്, അഹമദാബാദ് പാലസ്, കൊഹെഫിസ കൊട്ടാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സെയ്ഫ് അലിഖാന്റെ കുടുംബം അറിയിച്ചു.


സെയ്ഫ് അലി ഖാന്റെ കുട്ടിക്കാലത്തെ ഫോട്ടോ

2014ലാണ് കസ്‌റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ നേടി. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.

ഭോപ്പാലിലെ അവസാന നവാബായിരുന്ന ഹമീദുള്ള ഖാന് മൂന്നു പെണ്‍മക്കളാണുണ്ടായിരുന്നത്. മൂത്ത മകളായ ആബിദ സുല്‍ത്താന്‍ 1950ല്‍ പാകിസ്താനിലേക്ക് പോയി.


ഹമീദുല്ല ഖാനും കുടുംബവും ലണ്ടനില്‍ (1932)


ആബിദ സുല്‍ത്താന്‍

രണ്ടാം മകള്‍ സാജിത സുല്‍ത്താന്‍ ഇന്ത്യയില്‍ തുടര്‍ന്നു. അവര്‍ നവാബ് ഇഫ്തിഖാര്‍ അലി ഖാന്‍ പട്ടൗഡിയെ വിവാഹം കഴിച്ചു.


സാജിത സുല്‍ത്താന്‍

സാജിത സുല്‍ത്താന്റെ ചെറുമകനാണ് സെയ്ഫ് അലിഖാന്‍. എന്നാല്‍, ആബിദ സുല്‍ത്താന്‍ പാകിസ്താനില്‍ പോയതാണ് കേസിന് കാരണം. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള ഈ ഭൂമിയില്‍ നിലവില്‍ ഒന്നരലക്ഷം പേരാണ് താമസിക്കുന്നത്. സര്‍ക്കാര്‍ ഇത് ഏറ്റെടുത്താല്‍ ഇവരെയെല്ലാം കുടിയൊഴിപ്പിക്കും.