മുക്കുപണ്ടം തട്ടിപ്പ്: മരിച്ചെന്ന് പത്രവാര്‍ത്ത കൊടുത്ത് ഒളിവില്‍ പോയ യുവാവ് പിടിയില്‍
കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം താന്‍ മരിച്ചെന്നു വാര്‍ത്ത നല്‍കി ഒളിവില്‍ പോയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) കൊടൈക്കനാലില്‍ നിന്നും അറസ്റ്റിലായത്. ആധാര്‍ കാര്‍ഡില്‍ എം ആര്‍ സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ് ഇയാള്‍ക്കുള്ളത്. വോട്ടര്‍ ഐഡി കാര്‍ഡില്‍ കുമാരനല്ലൂരിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്.
മുക്കുപണ്ടം പണയംവച്ചു 2023ല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. തട്ടിപ്പ് വിവരം അറിഞ്ഞ ധനകാര്യസ്ഥാപനം പോലിസില്‍ പരാതി നല്‍കി. ഇയാളുടെ ചിത്രം അടക്കമുള്ള മരണവാര്‍ത്ത പത്രങ്ങളില്‍ വന്നതായി പോലിസ് കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്‌കാരം നടന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പക്ഷേ, അഡയാറില്‍ നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു സംസ്‌കാരം നടന്നതായി അറിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.