ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷണം; 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി, ചടങ്ങില്‍ മോദിയും പങ്കെടുത്തിരുന്നു

ചടങ്ങില്‍ സുരക്ഷക്കായി 4,000 പോലിസുകാരെ വിന്യസിച്ചിരുന്നു.

Update: 2024-12-09 07:06 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജഞാ ചടങ്ങിനിടെ 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പോലിസ്. സ്വര്‍ണമാലകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ ഡിസംബര്‍ അഞ്ചിന് ആസാദ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷണം പോയെന്ന് പരാതി ലഭിച്ചതായി പോലിസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിനിടെയാണ് മോഷണം നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളുമെല്ലാം പങ്കെടുത്ത ചടങ്ങില്‍ സുരക്ഷക്കായി 4,000 പോലിസുകാരെ വിന്യസിച്ചിരുന്നു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനിടെ നടന്ന മോഷണം ബിജെപിക്ക് നാണക്കേടായിട്ടുണ്ട്.

'' സത്യപ്രതിജ്ഞാ ചടങ്ങില്‍ രണ്ടാം ഗെയിറ്റിന് സമീപത്ത് വച്ചാണ് സ്വര്‍ണമാലകളും ഫോണുകളും പഴ്‌സും മോഷണം പോയിരിക്കുന്നത്. പ്രതികളെ പിടിക്കാന്‍ പോലിസും ക്രൈംബ്രാഞ്ചും ശ്രമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.''-ആസാദ് മൈതാന്‍ പോലിസ് അറിയിച്ചു.