ജയലളിതയുടെ സ്വര്‍ണക്കിരീടവും വാളും തമിഴ്‌നാട് സര്‍ക്കാരിന് കൈമാറും; അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പിടിച്ചെടുത്തവയാണ് ഇവ

Update: 2025-02-15 15:52 GMT

ബംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വര്‍ണകിരീടവും വാളും അടക്കം 27 കിലോഗ്രാം സ്വര്‍ണനിര്‍മിത വസ്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ ബംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി നിര്‍ദേശിച്ചു. അനധികൃതസ്വത്ത് സമ്പാദനക്കേസിലെ നടപടികളുടെ ഭാഗമായി പിടിച്ചെടുത്ത ഇവയെല്ലാം കഴിഞ്ഞ 21 വര്‍ഷമായി കര്‍ണാടകയിലെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.


അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെയും സഹായിയായ വി കെ ശശികലയെയും ബന്ധുക്കളായ വി എന്‍ സുധാകരനെയും ജെ ഇളവരശിയെയും ബംഗളൂരുവിലെ പ്രത്യേക കോടതി 2014ല്‍ ശിക്ഷിച്ചിരുന്നു. എന്നാല്‍, കര്‍ണാടക ഹൈക്കോടതി 2015ല്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കി. എന്നാല്‍, 2017ല്‍ സുപ്രിംകോടതി ശിക്ഷിച്ചു. ഇതേ തുടര്‍ന്നാണ് കേസിലെ തൊണ്ടിമുതലുകളെല്ലാം തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ ബംഗളൂരു കോടതി നിര്‍ദേശിച്ചത്. സ്വത്തില്‍ അവകാശം ഉന്നയിച്ച് ജയലളിതയുടെ ബന്ധുക്കളായ ജെ ദീപയും ജെ ദീപക്കും നല്‍കിയ ഹരജികള്‍ തള്ളിയായിരുന്നു നിര്‍ദേശം.



ജയലളിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആറു കമ്പനികളിലെ ആസ്തിയും 1526 ഏക്കര്‍ ഭൂമിയുടെ അവകാശവും സ്വര്‍ണ ആഭരണങ്ങളും വസ്തുക്കളും തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ കോടതി നിര്‍ദേശിച്ചതായി കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കിരണ്‍ എസ് ജവാലി പറഞ്ഞു. ഇവ റിസര്‍വ്വ് ബാങ്കിന് കൈമാറുകയോ ലേലത്തില്‍ വില്‍ക്കുകയോ ചെയ്യാം. 2016ല്‍ ജയലളിത മരിച്ചിരുന്നു.