''ജാതി മനുഷ്യനിര്‍മിതം, ദൈവത്തിന് വേര്‍തിരിവില്ല''; ക്ഷേത്രങ്ങളിലെ ജാതി വിവേചനത്തെ അപലപിച്ച് മദ്രാസ് ഹൈക്കോടതി

Update: 2025-07-18 07:07 GMT

ചെന്നൈ: ജാതി മനുഷ്യനിര്‍മിതമാണെന്നും ദൈവത്തിന് വേര്‍തിരിവില്ലെന്നും മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ അരുള്‍മിഗു പുതുക്കുടി അയ്യനാര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ ദലിതുകളെ പ്രവേശിപ്പിക്കാത്തതിനെ ചോദ്യം ചെയ്ത ഹരജിയിലാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. ദലിത് വ്യക്തികള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് അവരുടെ അന്തസ്സിന്റെയും നിയമപരമായ അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. ദൈവം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. ജാതിയും ജാതി സമുദായവും മനുഷ്യനിര്‍മിതികളാണ്. ക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ടെങ്കില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നും ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേശ് വിശദീകരിച്ചു.


ജാതി വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നാണ് 1947ലെ തമിഴ്‌നാട് ക്ഷേത്രപ്രവേശന നിയമം പറയുന്നത്. ആരാധനാലയങ്ങളിലെ വിവേചനങ്ങള്‍ക്കെതിരേ ചരിത്രപരമായ പോരാട്ടം നടത്തിയതിനെ തുടര്‍ന്നാണ് നിയമം വന്നത്. അതിനാല്‍ അരുള്‍മിഗു പുതുക്കുടി അയ്യനാര്‍ ക്ഷേത്രത്തിലെ ഉല്‍സവങ്ങളില്‍ ദലിതുകള്‍ക്ക് പങ്കാളിത്തമുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി. ദലിതുകളെ തടയുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.