സംഭലിലെ ബുള്‍ഡോസര്‍ രാജ്: കോടതിയലക്ഷ്യ ഹരജി അലഹബാദ് ഹൈക്കോടതി പരിഗണിക്കണം

Update: 2025-02-07 16:13 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലില്‍ ബുള്‍ഡോസര്‍രാജ് നടപ്പാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യ ഹരജി അലഹബാദ് ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രിംകോടതി. ഇത്തരം കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഏതെങ്കിലും കേസുകളില്‍ ആരോപണം നേരിട്ടവരുടെ വീടുകളും കെട്ടിടങ്ങളും പൊളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് 2024 നവംബര്‍ 13ന് സുപ്രിംകോടതി വിധിച്ചിരുന്നു. റോഡ്, തെരുവ്, നടപ്പാത, റെയില്‍വേ ലൈനുകള്‍ക്ക് സമീപമുള്ള ഏതെങ്കിലും പൊതുസ്ഥലം, നദീതീരങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലാണ് അനധികൃത നിര്‍മാണമെങ്കില്‍ ഉചിതമായ നോട്ടിസ് നല്‍കി വിശദീകരണം കേട്ട ശേഷം നടപടി സ്വീകരിക്കാമെന്നായിരുന്നു നിര്‍ദേശം.

ഈ വിധിയുണ്ടായിട്ടും സംഭലിലുള്ള തന്റെ ഫാക്ടറിയുടെ ഒരു ഭാഗം 2025 ജനുവരി 10നും 11നും ഇടയില്‍ യാതൊരു മുന്‍കൂര്‍ അറിയിപ്പോ വാദം കേള്‍ക്കലോ കൂടാതെ അധികാരികള്‍ പൊളിച്ചുമാറ്റിയെന്ന് ഹരജിക്കാരനായ മുഹമ്മദ് ഗയൂര്‍ വാദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കിത്തരണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹരജി അലഹബാദ് ഹൈക്കോടതി പരിഗണിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ഹിന്ദുത്വര്‍ വാദമുന്നയിച്ചതിനെ തുടര്‍ന്ന് സിവില്‍ കോടതി നേരത്തെ സര്‍വേക്ക് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് നവംബര്‍ 24ന് ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവെച്ചു കൊന്നു. ഇതിന് ശേഷം പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂട ഭീകരത നടക്കുകയാണ്.

Tags: