ലോകപ്രശസ്ത ഹിന്ദി പണ്ഡിതയെ നാടുകടത്തി കേന്ദ്രസര്‍ക്കാര്‍

Update: 2025-10-21 03:33 GMT

ന്യൂഡല്‍ഹി: ലോകപ്രശസ്ത ഹിന്ദി പണ്ഡിതയെ കേന്ദ്രസര്‍ക്കാര്‍ നാടുകടത്തി. ലണ്ടന്‍ സര്‍വകലാശാലയിലെ എസ്ഒഎഎസിലെ ഹിന്ദി പണ്ഡിതയായ ഫ്രാഞ്ചെസ്‌ക ഒര്‍സിനിയെയാണ് കേന്ദ്രസര്‍ക്കാര്‍ നാടുകടത്തിയത്. ഇവര്‍ക്ക് അഞ്ചു വര്‍ഷത്തെ ഇ-വിസയുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ രാത്രി ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയാണെന്ന് അറിയിക്കുകയുമായിരുന്നു.

'ദി ഹിന്ദി പബ്ലിക് സ്ഫിയര്‍ 1920-1940: ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇന്‍ ദി ഏജ് ഓഫ് നാഷണലിസം' എന്ന പുസ്തകത്തിന്റെയും മറ്റ് അക്കാദമിക് കൃതികളുടെയും രചയിതാവായ ഫ്രാഞ്ചെസ്‌ക, ചൈനയില്‍ നടന്ന ഒരു അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമാണ് ഹോങ്കോംഗ് വഴി ഡല്‍ഹിയിലെത്തിയത്. സുഹൃത്തുക്കളെ കാണാനാണ് അവര്‍ എത്തിയത്. എന്നാല്‍, ഇന്ത്യയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ വിസ നിഷേധിക്കുന്ന നാലാമത്തെ വിദേശ അക്കാദമിക്കാണ് ഫ്രാഞ്ചെസ്‌ക. 2022 മാര്‍ച്ചില്‍ ബ്രിട്ടന്‍ ആസ്ഥാനമായുള്ള നരവംശശാസ്ത്രജ്ഞയായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തി നാടുകടത്തി. 2022ല്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്ചര്‍ പ്രൊഫസര്‍ ലിന്‍ഡ്‌സെ ബ്രെംനറെ ഒരു കാരണവും നല്‍കാതെ നാടുകടത്തി.

കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തിനായി എത്തിയ യുകെ ആസ്ഥാനമായുള്ള കശ്മീരി അക്കാദമിക് നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞത് 2024ലാണ്. തുടര്‍ന്ന് കൗളിന്റെ ഒസിഐ കാര്‍ഡും റദ്ദാക്കി. ബിജെപിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന സ്വീഡന്‍ ആസ്ഥാനമായുള്ള പണ്ഡിതനായ അശോക് സ്വെയ്നിന്റെ ഒസിഐ കാര്‍ഡും സര്‍ക്കാര്‍ റദ്ദാക്കി.