ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: സഹായത്തിന് ആഗോള വിദഗ്ദര്‍ തയ്യാറാണെന്ന് അഭിഭാഷകന്‍

Update: 2025-07-24 05:55 GMT

ബംഗളൂരു: ധര്‍മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊന്നെന്ന കേസുകളിലെ അന്വേഷണത്തില്‍ സഹായിക്കാന്‍ ആഗോള വിദഗ്ദര്‍ തയ്യാറാണെന്ന് അഭിഭാഷകനായ എന്‍ മഞ്ജുനാഥ്. 2003ല്‍ ധര്‍മസ്ഥല ക്ഷേത്രത്തില്‍ നിന്നും കാണാതായ അനന്യ ഭട്ടിന്റെ മാതാവിന്റെ അഭിഭാഷകനാണ് മഞ്ജുനാഥ്. വാര്‍ത്തകള്‍ കണ്ട് നിരവധി ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും വിദേശത്ത് നിന്നുള്ള കുറ്റകൃത്യ വിദഗ്ദരും തന്നെ ബന്ധപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി.

മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാനും തെളിവുകള്‍ ശേഖരിക്കാനുമുള്ള പുതിയ സംവിധാനങ്ങളും സൗകര്യങ്ങളും സൗജന്യമായി എത്തിക്കാമെന്നാണ് വാഗ്ദാനം. അതിനാല്‍, പോലിസ് അവരുമായി ബന്ധപ്പെടണം. അത്യാധുനിക തെളിവ് ശേഖരണ രീതികള്‍ പോലിസിനെ സഹായിക്കുകയും സത്യം പുറത്തുവരാന്‍ കാരണമാവുകയും ചെയ്യും. സംഭവത്തില്‍ കേരള പോലിസ് ഇടപെടണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.

എന്നാല്‍, കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് കര്‍ണാടകയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ആര്‍ അശോക ആരോപിക്കുന്നത്. ''കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രസംബന്ധമായ വിഷയങ്ങള്‍ കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൊലപാതകങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പ്രാദേശിക പോലിസ് അന്വേഷിക്കും. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍, അവരുടെ കുടുംബങ്ങള്‍ പരാതി നല്‍കും. അത്തരം എത്ര കേസുകള്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മതപരമായ സ്ഥലങ്ങള്‍ക്ക് സമീപം ആളുകള്‍ മരണപ്പെടുന്നുണ്ടെങ്കില്‍ പൊലീസ് അന്വേഷണം നടക്കും. 20 വര്‍ഷത്തിനുശേഷം എങ്ങനെയാണ് പെട്ടെന്ന് ഒരാള്‍ക്ക് ഇത്തരമൊരു അവകാശവാദവുമായി രംഗത്തുവരാന്‍ കഴിയുക? ഒരു മതത്തെ അപമാനിക്കാനായി ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ല. മഞ്ചുനാഥ സ്വാമി ക്ഷേത്രവുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. തെറ്റായ വിവരങ്ങള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയാണ്.''- ആര്‍ അശോക ആരോപിച്ചു.