അഞ്ച് ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കുടുംബകോടതി വിധി; മുന്‍ഭാര്യയെ കൊലപ്പെടുത്തി യുവാവ്
ഗാസിയാബാദ്: അഞ്ചുലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന കുടുംബകോടതി വിധിയെ തുടര്‍ന്ന് മുന്‍ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ്. മധു ശര്‍മ എന്ന യുവതിയെ കൊലപ്പെടുത്തിയ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായ വീരേന്ദ്ര ശര്‍മ എന്ന സോനുവാണ് പിടിയിലായിരിക്കുന്നത്. ജീവനാംശ തുക നല്‍കാമെന്ന് പറഞ്ഞ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് കൊണ്ടുപോയി കൊല ചെയ്ത ശേഷം മൃതദേഹം വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. മധു ശര്‍മയെ കാണാനില്ലെന്ന സഹോദരി മഞ്ജു ശര്‍മയുടെ ജനുവരി 23ലെ പരാതിയില്‍ മോദിനന്‍ഗര്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മധുശര്‍മക്ക് 5,40000 രൂപ ജീവനാംശം നല്‍കാന്‍ കുടുംബകോടതി വിധിച്ചിരുന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് മഞ്ജു ശര്‍മ പറഞ്ഞു. ഇതിന് പുറമെ പ്രതിമാസം 6,000 രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. കാണാതായ ദിവസം വീരേന്ദ്ര ശര്‍മയുടെ കാറില്‍ കയറി മധു ശര്‍മ പോവുന്നത് കണ്ടവരുമുണ്ട്. 2002ല്‍ വിവാഹം കഴിഞ്ഞതിന് ശേഷം മധുശര്‍മ സ്ഥിരമായി പീഡനത്തിന് ഇരയാവുമായിരുന്നുവെന്നും മഞ്ജു ശര്‍മ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ജനിച്ച പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. 2003ല്‍ വീരേന്ദ്ര ശര്‍മ, മധുവിനെ ഒരു കാട്ടില്‍ ഉപേക്ഷിച്ചു. 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി. 2014ലാണ് കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്. ഇതിന് ശേഷമാണ് മധു ശര്‍മ ജീവനാംശം തേടി കുടുംബകോടതിയെ സമീപിച്ചത്. മധു ശര്‍മയുടെ ശല്യം സഹിക്കാന്‍ പറ്റാത്തതിനാലാണ് കൊല നടത്തിയതെന്ന് വീരേന്ദ്ര ശര്‍മ പോലിസിനോട് പറഞ്ഞു. ഹരിദ്വാറിലെ ഒരു ക്ഷേത്രത്തിന് സമീപം വെച്ച് പണം നല്‍കാമെന്ന് പറഞ്ഞ് ട്രക്കിങ് വഴിയിലൂടെ കൊണ്ടുപോയി ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലിസ് അറിയിച്ചു.
