ഭര്‍ത്താവിനെ ഹിന്ദുത്വരും കുടുംബവും ''ലവ് ജിഹാദ്'' കേസില്‍ പ്രതിയാക്കി; നീതി ആവശ്യപ്പെട്ട് ഹിന്ദു യുവതി

Update: 2025-06-13 15:41 GMT
ഭര്‍ത്താവിനെ ഹിന്ദുത്വരും കുടുംബവും ലവ് ജിഹാദ് കേസില്‍ പ്രതിയാക്കി; നീതി ആവശ്യപ്പെട്ട് ഹിന്ദു യുവതി

ഗാസിയാബാദ്: ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് ആരോപിച്ച് 29കാരനായ മുസ്‌ലിം യുവാവിനെ ഗാസിയാബാദിലെ ഇന്ദിരാപുരം പോലിസ് അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു. യുവതിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലിസ് കേസെടുത്തിരുന്നത്. എന്നാല്‍, മുസ്‌ലിം യുവാവ് തന്റെ ഭര്‍ത്താവാണെന്നും പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും ഹിന്ദു യുവതിയായ സോണിക ചൗഹാന്‍ ദി സ്‌ക്രോളിനോട് പറഞ്ഞു.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം 2022 ആഗസ്റ്റ് 29ന് അക്ബര്‍ ഖാനെ വിവാഹം കഴിച്ചിരുന്നതായി സോണിക ചൗഹാന്‍ വെളിപ്പെടുത്തി. ഈ വിവാഹസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ദി സ്‌ക്രോള്‍ റിപോര്‍ട്ടര്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.

തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടുകാര്‍ തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് 25കാരിയായ സോണിക പറയുന്നു. അക്ബര്‍ ഖാനുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചുവെന്നും വടി കൊണ്ട് തലയ്ക്കടിച്ചെന്നും സോണിക വെളിപ്പെടുത്തി. വീട്ടില്‍ സുരക്ഷിതയാണെന്ന് പറയുന്ന രീതിയിലുള്ള വീഡിയോ റെക്കോഡ് ചെയ്യാനും സോണികയോട് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോണിക കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ പറയുന്നത്. പക്ഷേ, കേസില്‍ പോലിസ് സ്വീകരിച്ച നടപടികളില്‍ സോണിക തൃപ്തയല്ല. ''പോലിസ് അവരുടെ കടമ നിര്‍വഹിക്കുന്നില്ല. അവര്‍ എന്തിനാണ് എന്റെ ഭര്‍ത്താവിനെ ജയിലില്‍ അടച്ചത്. അക്ബര്‍ ഖാന്റെ കടകള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തവരെ ജയിലില്‍ അടക്കുകയാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. ''-സോണിക പറയുന്നു.

മേയ് 26ന് ന്യായ്ഖണ്ഡ് പ്രദേശത്ത് നടന്ന വര്‍ഗീയ സംഘര്‍ഷത്തെ കുറിച്ചാണ് സോണിക പറയുന്നത്. അക്ബര്‍ ഖാന്റെയും സോണികയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ 50-60 ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. സോണികയ്ക്ക് ഒരു ബ്യൂട്ടിപാര്‍ലറും അക്ബര്‍ ഖാന് സര്‍ക്കാര്‍ ഫോമുകള്‍ ഫില്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനവുമാണ് ഉണ്ടായിരുന്നത്. ഈ സ്ഥാപനങ്ങള്‍ ആക്രമിച്ചവരെ പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മേയ് 24നാണ് സോണികയുടെ പിതാവ് ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രശ്‌നമുണ്ടാക്കിയത്. മകള്‍ വിവാഹിതയായ കാര്യം അന്നാണ് അറിഞ്ഞതെന്നാണ് പിതാവ് പറഞ്ഞത്. പക്ഷേ, ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ദിവസം തന്റെ പിതാവും അക്ബര്‍ ഖാനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സോണിക പുറത്തുവിട്ടു.


തങ്ങളുടെ ബന്ധം കുടുംബത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്തായാലും മാര്‍ച്ച് 24ന് പിതാവും കുടുംബവും ദമ്പതികളെ ആക്രമിച്ചു. ഹിന്ദുത്വ സംഘടനകളുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ കുടുംബം പ്രവര്‍ത്തിക്കുന്നതെന്ന് സോണിക ചൂണ്ടിക്കാട്ടി.


എന്നാല്‍, ഖാനും കുടുംബവും തന്നെ ആക്രമിച്ചെന്നാണ് സോണികയുടെ പിതാവ് പോലിസില്‍ പരാതി നല്‍കിയത്. സോണികയുടെ അമ്മയുടെ മാല വലിച്ചു പൊട്ടിക്കാന്‍ ഖാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. മേയ് 25ന് അക്ബര്‍ ഖാനെ പോലിസ് അറസ്റ്റ് ചെയ്തു. സോണികയെ ബലമായി കീഴ്‌പ്പെടുത്തി വീട്ടുകാരുടെ കൂടെ വിട്ടു. രണ്ടാഴ്ച്ച ജയിലില്‍ കിടന്ന ശേഷം ജൂണ്‍ എട്ടിന് അക്ബര്‍ ഖാന് ജാമ്യം ലഭിച്ചു.

പുറത്തിറങ്ങിയ അക്ബറിനെ കാണാന്‍ പോലും കുടുംബം അനുവദിച്ചില്ലെന്നും സോണിക ദി സ്‌ക്രോളിനോട് പറഞ്ഞു. കൗമാരപ്രായത്തില്‍ തുടങ്ങിയ അടുപ്പമായിരുന്നു ഇരുവരുടെയും. പഠനത്തിന് ശേഷം ഇരുവരും ഒരുമിച്ചാണ് നടന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങള്‍ സോണിക കാണിക്കുന്നു. തന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ വിവാഹത്തിനെതിരെ തിരിഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ചൗഹാന്‍ പറഞ്ഞു. തന്റെ സുരക്ഷയെക്കുറിച്ച് അവള്‍ ഭയവും പ്രകടിപ്പിച്ചു.

''എന്നെ വളരെയധികം പീഡിപ്പിക്കുന്നുണ്ട്, എനിക്ക് ഭ്രാന്താകും. ചിലപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ തോന്നും. പക്ഷേ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, എന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ അനുവദിക്കില്ല. എനിക്ക് അവനെ ഒന്നു കണ്ടാല്‍ മാത്രം മതി.''-സോണിക പറഞ്ഞു.

Similar News