ഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും: ജര്‍മനി

Update: 2025-05-28 02:27 GMT

ബെര്‍ലിന്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അവര്‍ക്കെതിരെ നടപടികളുണ്ടാവുമെന്നും ജര്‍മന്‍ വിദേശകാര്യമന്ത്രി യോഹാന്‍ വേഡ്ഫുല്‍. ഇസ്രായേലിനെതിരെ ഫ്രാന്‍സും യുകെയും കാനഡയും നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജര്‍മനിയും നിലപാടിലെ മാറ്റം പ്രഖ്യാപിച്ചത്. സ്റ്റാറ്റ്‌റിസണ്‍ (ഭരണകൂടത്തിന്റെ യുക്തി) എന്ന തത്വ പ്രകാരമാണ് ഇസ്രായേലിന് ജര്‍മനി പിന്തുണ നല്‍കുന്നത്. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മന്‍കാര്‍ ജൂതന്‍മാരെ വേട്ടയാടിയെന്നും അതിനാല്‍ ഇസ്രായേല്‍ എന്ന രാജ്യം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഈ തത്വം പറയുന്നത്. അതിനാല്‍ ഇസ്രായേലിന് വേണ്ട ആയുധങ്ങളും രഹസ്യവിവരങ്ങളും നല്‍കല്‍ ജര്‍മനിയുടെ ബാധ്യതയാണത്രെ. പക്ഷേ, ഈ തത്വം ഫലസ്തീനികളുടെ വംശഹത്യക്ക് ന്യായമാക്കാനാവില്ലെന്നാണ് ഇപ്പോള്‍ ജര്‍മനി പറയുന്നത്.