ബെര്‍ലിന്‍: ഗസയില്‍ ഉപയോഗിക്കാന്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് ജര്‍മനി പ്രഖ്യാപിച്ചു. നാസികള്‍ നടത്തിയ ജൂതകൂട്ടക്കൊലയുടെ കുറ്റബോധത്തില്‍ ഇസ്രായേലിന് ചോദിക്കുന്നതെല്ലാം നല്‍കുന്ന രാജ്യമായിരുന്നു ജര്‍മനി. അതിനാല്‍ തന്നെ പുതിയ തീരുമാനത്തിന് വലിയ പ്രാധാന്യമുണ്ട്. ഫ്രിഗേറ്റുകളും ടോര്‍പിഡോകളുമാണ് ജര്‍മനി ഇസ്രായേലിന് അധികവും നല്‍കുന്നത്. അവ ഗസയില്‍ ആവശ്യമില്ല. എന്നാല്‍, ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ എഞ്ചിന്‍, ഗിയര്‍ ബോക്‌സ് ഭാഗങ്ങള്‍ ജര്‍മനിയിലാണ് നിര്‍മിക്കുന്നത്. അവ ഇനി മുതല്‍ നല്‍കില്ല.
ആഴ്ച്ചകളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജര്‍മനി തീരുമാനമെടുത്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഗസയില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തുമെന്ന ഇസ്രായേലിന്റെ കഴിഞ്ഞ ദിവസത്തെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജര്‍മനി അറിയിച്ചു. എന്നാല്‍, ഇസ്രായേലിന്റെ അടുത്തസഖ്യകക്ഷിയായ യുഎസിനെ പോലെ ഫലസ്തീനെ അംഗീകരിക്കാന്‍ ജര്‍മനിയും തയ്യാറായിട്ടില്ല. ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം ഇസ്രായേല്‍ തീരുമാനിക്കണമെന്നാണ് അവരുടെ നിലപാട്.