ശിരോവസ്ത്രം ഒഴിവാക്കാതെ മുസ്‌ലിം സ്ത്രീകള്‍ക്ക് ജഡ്ജിയാകാന്‍ സാധിക്കില്ലെന്ന് ജര്‍മന്‍ കോടതി
ബെര്‍ലിന്‍: ശിരോവസ്ത്രം ഒഴിവാക്കാതെ മുസ്‌ലിം സ്ത്രീകള്‍ക്ക് ജഡ്ജിയായോ പ്രോസിക്യൂട്ടറായോ പ്രവര്‍ത്തിക്കാനാവില്ലെന്ന് ജര്‍മന്‍ കോടതി. ജഡ്ജിയായി നിയമിക്കണമെന്ന അപേക്ഷ തള്ളിയതിനെ ചോദ്യം ചെയ്ത് ഒരു മുസ്‌ലിം സ്ത്രീ നല്‍കിയ ഹരജിയിലാണ് ഹെസ്സെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ ഉത്തരവ്. ശിരോവസ്ത്രത്തിന് ഭരണഘടനാപരമായ തൂക്കമുണ്ടെന്ന് കോടതി ഉത്തരവ് പറയുന്നു. '' കേസുകളില്‍ സര്‍ക്കാര്‍ നിഷ്പക്ഷത പാലിക്കണം. കേസിലെ കക്ഷികളോട് മതനിരപേക്ഷമായി പെരുമാറുകയും വേണം.''-ഉത്തരവില്‍ കോടതി പറഞ്ഞു.
ജഡ്ജി പോസ്റ്റിലേക്ക് അപേക്ഷ നല്‍കിയതിന് ശേഷം യുവതിയെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശിരോവസ്ത്രം ഊരുമോയെന്ന ചോദ്യമുണ്ടായി. ശിരോവസ്ത്രം ഊരില്ലെന്ന് യുവതി അതിന് മറുപടി നല്‍കി. തുടര്‍ന്ന് അപേക്ഷ തള്ളി. അതിന് ശേഷമാണ് ഹെസ്സെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. മതനിരപേക്ഷ സ്വഭാവം പറഞ്ഞ് മതവിശ്വാസികളോട് ഭരണകൂടം വിവേചനം കാണിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടി.