ലബ്‌നീസ് വിപ്ലവകാരി ജോര്‍ജ് ഇബ്രാഹീം അബ്ദുല്ലയെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ ഉത്തരവ്; 41 വര്‍ഷത്തിന് ശേഷമാണ് മോചനം

Update: 2025-07-17 10:52 GMT

പാരീസ്: ലബ്‌നീസ് വിപ്ലവകാരി ജോര്‍ജ് ഇബ്രാഹീം അബ്ദുല്ലയെ വിട്ടയക്കാന്‍ ഫ്രാന്‍സിലെ പാരീസ് അപ്പീല്‍ കോടതി ഉത്തരവിട്ടു. ഫലസ്തീന്റെ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ 41 വര്‍ഷമായി ജയിലിലാണ്. ജൂലൈ 25ന് അദ്ദേഹം പുറത്തിറങ്ങുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഫ്രഞ്ച് സര്‍ക്കാരുമായി യുഎസ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് മോചനം വൈകാന്‍ കാരണമായതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ജോര്‍ജ് ഇബ്രാഹീം അബ്ദുല്ലയെ നാട്ടില്‍ കൊണ്ടുപോവാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഫ്രാന്‍സിലെ ലബ്‌നാന്‍ എംബസിയും അറിയിച്ചു.


പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ സംഘടനയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു ജോര്‍ജ് അബ്ദുല്ല. അദ്ദേഹം രൂപീകരിച്ച എല്‍എആര്‍എഫ് സംഘടന 1980കളില്‍ ഫ്രാന്‍സില്‍ നാലു സൈനിക ഓപ്പറേഷനുകള്‍ നടത്തി. യുഎസ് മിലിറ്ററി അറ്റാഷെ ചാള്‍സ് റോബര്‍ട്ട് റേ, ഇസ്രായേലി നയതന്ത്ര പ്രതിനിധി യാകോവ് ബാര്‍സിമന്റോവ് എന്നിവരുടെ 1982ലെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്നും ജോര്‍ജ് അബ്ദുല്ലക്കെതിരെ ആരോപണം ഉയര്‍ന്നു. ഈ കേസുകളിലാണ് 1987ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആരോപണങ്ങളില്‍ അദ്ദേഹം പ്രതികരിച്ചില്ല. വിപ്ലവ പ്രവര്‍ത്തനങ്ങളെ കൊലപാതകമായി കാണുന്ന സംവിധാനത്തില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.


താന്‍ ക്രിമിനല്‍ അല്ലെന്നും ഫലസ്തീനി അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

1999 മുതല്‍ അദ്ദേഹം പരോളിന് അര്‍ഹനായിരുന്നു. പക്ഷേ, പരോള്‍ അപേക്ഷകളെല്ലാം അധികൃതര്‍ തള്ളി. 2013ല്‍ ഒരു പരോള്‍ അപേക്ഷ പരിഗണിച്ചു. രാജ്യം വിടുകയാണെങ്കില്‍ പരോള്‍ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ആ വ്യവസ്ഥ അക്കാലത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി മാനുവേല്‍ വാല്‍സ് തള്ളി. അതോടെ ജയില്‍ മോചനം അനന്തമായി തുടര്‍ന്നു. 41 വര്‍ഷം ജയിലില്‍ കിടന്ന ജോര്‍ജ് അബ്ദുല്ല യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന മനുഷ്യനാണ്.